എം സി ജോസഫൈന്റെ രാജി സ്വാഗതാര്‍ഹം; നിയമനങ്ങളില്‍ സര്‍ക്കാര്‍ സൂക്ഷ്മത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-06-25 12:43 GMT

കോഴിക്കോട്: പരാതി പറഞ്ഞ യുവതിയെ അധിക്ഷേപിച്ച എം സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പറഞ്ഞു. അല്‍പ്പം വൈകിയാണെങ്കിലും ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണിത്. തന്റെ പദവിയുടെ മഹത്വം മറന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഇക്കാലമത്രയും ജോസഫൈന്‍ നടത്തിയത്.

വനിതാ കമ്മീഷന്‍ പോലെ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള പദവികളിലെ നിയമനങ്ങളില്‍ ഇനിയെങ്കിലും സൂഷ്മത പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാര്‍ട്ടിയുടെ ഉന്നതസ്ഥാനം ആവരുത് ഇത്തരം നിയമനങ്ങളില്‍ മാനദണ്ഡമാക്കേണ്ടത്. നിയമ പരിജ്ഞാനമുള്ള, കക്ഷിരാഷ്ട്രീയത്തിന് അതീതമായി തീരുമാനമെടുക്കാന്‍ കഴിയുന്നവരെ വേണം വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്.

പരാതിക്കാര്‍ക്ക് ആശ്വാസത്തോടെ തിരികെപ്പോകാന്‍ കഴിയുന്ന തരത്തിലാവണം വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇടപെടല്‍. സ്ത്രീ വിഷയങ്ങള്‍ സമചിത്തതയോടെ കേള്‍ക്കാനും ആശ്വാസം നല്‍കാനും കഴിയണം. ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ അവസാനത്തെ പ്രതീക്ഷയെന്ന നിലയിലാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. അവരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും പി പി റഫീഖ് പറഞ്ഞു.

Tags:    

Similar News