പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പോലിസ് അറിയിച്ചു.

Update: 2024-11-26 05:37 GMT

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ അറസ്റ്റില്‍. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭര്‍തൃവീട്ടില്‍നിന്നു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്നാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും രാത്രി ആശുപത്രിയില്‍ എത്തി.

ആദ്യം പരാതിയില്ലെന്ന് യുവതി പൊലിസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പോലിസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം പോലിസിന് കൊടുത്ത മൊഴിയില്‍ യുവതി തനിക്കും പരാതി ഉണ്ടെന്നു പറഞ്ഞതോടെയാണ് ഭര്‍ത്താവ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പോലിസ് അറിയിച്ചു.

നേരത്തേ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ പോലിസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പോലിസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പാണ് കേസ് കോടതി റദ്ദാക്കിയത്.

കേസിലെ പ്രതിയായിരുന്ന രാഹുല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയത്.

Tags:    

Similar News