പട്ടാമ്പി ജനം നിധി നിക്ഷേപ തട്ടിപ്പ്: ഇരകള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പോലിസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ഓഫിസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

Update: 2021-09-25 04:50 GMT

പാലക്കാട്: നാലു വര്‍ഷമായി പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി കോടികളുമായി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നാല് ശാഖകളും പൂട്ടി കടന്നു കളഞ്ഞ തൃശൂര്‍ സ്വദേശിയായ ഉടമ മനോഹരനെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും സ്വത്തുവഹകള്‍ കണ്ടു കെട്ടണമെന്നും വിവിധ സ്ഥലങ്ങളിലുള്ള ഇടപാടുകാരുടെ പരാതികള്‍ പ്രകാരം നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പോലിസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ഓഫിസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. നിത്യ വരുമാനക്കാരായ സാധാരണക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് റക്കറിങ്ങ്, സ്ഥിര നിക്ഷേപങ്ങളില്‍ ഇടപാട് നടത്തി തുക നഷ്ടപ്പെട്ടത്. ഇവരുടെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വീട്ടമ്മമാരെയും തൊഴില്‍ രഹിതരായ യുവാക്കളെയും കളക്ഷന്‍ ഏജന്റുമാരാക്കിയാണ് കോടികളുടെ നിക്ഷേപം ഉണ്ടാക്കിയത്. പട്ടാമ്പി ശാഖയില്‍ മാത്രം നൂറിലേറെ റക്കറിങ്ങ് ഇടപാടുകാരുണ്ട്. 60 ലക്ഷം രൂപയോളം ഇവര്‍ക്ക് നഷ്ടപ്പെട്ടു. 35 സ്ഥിര നിക്ഷേപകര്‍ക്ക് ഒരു കോടി 70 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടാമ്പി ശാഖയില്‍ മാത്രം രണ്ടര കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് വിവരമെന്നും എല്ലാ കേസുകളും ഒരു ഏജന്‍സി അന്വേഷിക്കണമെന്നും ഭാരവാഹികളായ എ ആര്‍ രാജേഷ്, ടി വി അശോകന്‍, കെ സനൂപ്, എം സൂരജ്, റിജോയ് സി ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News