പ്രായം കൂടിയവരിലും ആരോഗ്യപ്രശ്‌നമുള്ളവരിലും കൂടുതല്‍ ശ്രദ്ധവേണം കോഴിക്കോട് ഡിഎംഒ; ജില്ലയില്‍ ഇതുവരെ മരണപ്പെട്ടവര്‍ 26 പേര്‍

വീടുകളില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം.

Update: 2020-08-26 16:42 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രായം കൂടിയവര്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഡോ. വി ജയശ്രീ പറഞ്ഞു. വീടുകളില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതാണ് അനുയോജ്യം. കാന്‍സര്‍ രോഗികള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരുമാണ് ജില്ലയില്‍ കൂടുതലായി മരണപ്പെട്ടത്. ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ ഉണ്ടെങ്കില്‍ പുറത്ത് പോയി വരുന്നവര്‍ സാമൂഹിക അകലം പലിച്ച് മാത്രമേ അവരുമായി ഇടപഴകാന്‍ പാടുള്ളു.

ജില്ലയില്‍ കൊവിഡ് ബാധിച്ച് 26 പേരാണ് ഇതുവരെ മരണപ്പെട്ടത്. അതില്‍ 22 പേരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മെയ് 31ന് ആണ് ജില്ലയില്‍ ആദ്യ മരണം സ്ഥിരീകരിച്ചത്. മാവൂര്‍ സ്വദേശി സുലൈഖ (55) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് കോവിഡ് ബാധിതയായി മരിച്ചത്. ജൂണ്‍ 27ന് നടക്കാവ് സ്വദേശി കൃഷ്ണന്‍ (68), ജൂലൈ 22ന് പള്ളിക്കണ്ടി സ്വദേശി കോയട്ടി (56), ജൂലൈ 22ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ സ്വദേശിനി റുഖിയാബി (67), ജൂലൈ 24ന് കല്ലായി സ്വദേശി മുഹമ്മദ് കോയ (58), ജൂലൈ 26ന് മുഹമ്മദ് (61), ജൂലൈ 29ന് കോര്‍പ്പറേഷന്‍ പരിധിയിലെ നൗഷാദ് (49), ജൂലൈ 30ന് കോര്‍പ്പറേഷന്‍ പരിധിയിലെ ആലിക്കോയ (77), ഓഗസ്റ്റ് ഒന്നിന് പെരുവയല്‍ സ്വദേശി രാജേഷ് (45), ഓഗസ്റ്റ് രണ്ടിന് ഏറാമല സ്വദേശി പുരുഷോത്തമന്‍ (66), ഓഗസ്റ്റ് രണ്ടിന് ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73), ഓഗസ്റ്റ് മൂന്നിന് കുന്നുമ്മല്‍ സ്വദേശി മരക്കാര്‍ കുട്ടി (70), ഓഗസ്റ്റ് നാലിന് വെള്ളിക്കുളങ്ങര സ്വദേശിനി സുലൈഖ (63), ഓഗസ്റ്റ് എട്ടിന് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), ഓഗസ്റ്റ് എട്ടിന് ഫറോക്ക് സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് 11ന് പൊക്കുന്ന് സ്വദേശിനി ബിച്ചു (69), ഓഗസ്റ്റ് 12ന് ചെലവൂര്‍ സ്വദേശിനി കൗസു(65), ഓഗസ്റ്റ് 12ന് ഒളവണ്ണ സ്വദേശി ഗിരീഷ് പി.പി (49), ഓഗസ്റ്റ് 15ന് വടകര സ്വദേശി മോഹനന്‍ (68), ഓഗസ്റ്റ് 15ന് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ഓഗസ്റ്റ് 16ന് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), ഓഗസ്റ്റ് 16ന് വെസ്റ്റ്ഹില്‍ സ്വദേശി ഷൈന്‍ ബാബു (47), ഓഗസ്റ്റ് 16ന് മാവൂര്‍ സ്വദേശിനി സുലു (49), ഓഗസ്റ്റ് 18ന് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), ഓഗസ്റ്റ് 19ന് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ഓഗസ്റ്റ് 20ന് പേരാമ്പ്ര സ്വദേശി ദാമോദരന്‍ (80) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടത്.


Tags:    

Similar News