പുതിയ മത്സ്യബന്ധന നിയമം അതേപടി പാസ്സാക്കരുതെന്ന് പി സി തോമസ്

Update: 2021-08-05 13:25 GMT

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഈ പാര്‍ലമെന്റ് കാലഘട്ടത്തില്‍ തന്നെ പാസ്സാക്കിയെടുക്കാന്‍ നോക്കുന്ന പുതിയ മത്സ്യബന്ധന നിയമം (Indian Marine Fisheries Bill) ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രൂപത്തില്‍ പാസ്സാക്കരുതെന്നും അത് മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട മത്സ്യമേഖലയ്ക്കും വന്‍ തിരിച്ചടിയാകുമെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്. 

പുതിയ നിയമത്തിന്റെ 4ാം വകുപ്പു പ്രകാരം മത്സ്യതൊലാളികള്‍ക്കും ആ മേഖലയുമായി പ്രവര്‍ത്തിക്കുന്ന ചെറുകിടക്കാര്‍ക്കും ആഴക്കടലിലേക്ക് പോകാന്‍ പാടില്ല. അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഴക്കടലില്‍ പോയി അത്തരക്കാര്‍ മീന്‍ പിടിക്കാറുണ്ട്. അല്ലാത്ത മേഖലയില്‍ ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതുകൊണ്ടാണ് അത്. ഇക്കാലത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ആഴക്കടലില്‍ പോയി മത്സ്യബന്ധനം നടത്തിയേ പറ്റൂ. ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. എന്നു മാത്രമല്ല, ആഴക്കടലില്‍ പോകുന്ന ചെറുകിടക്കാരെ ശിക്ഷയ്ക്ക് വിധേയമാക്കാനും വകുപ്പുണ്ട്.

നിയമത്തില്‍ ചെറുകിടക്കാരെ നിര്‍വചിച്ചിരിക്കുന്നതില്‍ നിരവധി അപാകങ്ങളുണ്ട്. 24 മീറ്ററില്‍ താഴെയുള്ള വള്ളങ്ങളും ബോട്ടുകളും മാത്രമേ ചെറുകിടക്കാര്‍ക്ക് ഉപയോഗപ്പെടുത്തുവാനാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അനീതിയും ആധുനികവല്‍ക്കരണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ചെറുകിട മത്സ്യമേഖലയെയും മത്സ്യത്തൊഴിലാളികളെയും തകര്‍ക്കുന്ന രീതിയില്‍ ഈ നിയമം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് തോമസ് ഇ മെയില്‍ സന്ദേശം അയച്ചു. 

Tags:    

Similar News