പിസി വിഷ്ണുനാഥ് സ്പീക്കര്‍ സ്ഥാനാര്‍ഥി; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പി അബ്ദുല്‍ ഹമീദ്

മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനം കൂടിയാണ് ഇന്ന്

Update: 2021-05-24 04:11 GMT

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. അംഗങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മുസ്‌ലിം ലീഗിലെ വള്ളിക്കുന്നത്ത് നിന്നുള്ള പി അബ്ദുല്‍ ഹമീദാണ്. അല്ലാഹുവിന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത് ആബിദ് ഹുസൈന്‍ തങ്ങളാണ്. മഞ്ചേശ്വരത്ത് നിന്നുള്ള എകെഎം അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.

പുതിയ അംഗങ്ങള്‍ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 140 അംഗങ്ങളില്‍ 53പേര്‍ പുതുമുഖങ്ങളാണ്.

വിജയസാധ്യതയില്ലെങ്കിലും പോരാടാണ് തീരുമാനം എന്നറിയിച്ച് പ്രതിപക്ഷം പിസി വിഷ്ണുനാഥിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.സ്പീക്കര്‍ തിരഞ്ഞെടുപ്പ്് നാളെയാണ്. നിയമസഭയില്‍ ആദ്യമായി എത്തുന്ന എംബി രാജേഷാണ് ഭരണപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. നേരത്തെ 10കൊല്ലം പാര്‍ലമെന്റ് അംഗമായിരുന്നു.

ബുധന്‍,വ്യാഴം ദിവസങ്ങളില്‍ സഭ ചേരില്ല. 28ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. 99അംഗങ്ങളുമായി മിന്നും ജയം നേടിയാണ് ഭരണപക്ഷം ഇക്കുറി സഭയില്‍ മാറ്റുരക്കുന്നത്. 2021-22 വര്‍ഷത്തിലെ ബജറ്റ് ജൂണ്‍ നാലിന് മന്ത്രി കെഎന്‍ ബലഗോപാല്‍ അവതരിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനം കൂടിയാണ് ഇന്ന്.

Tags:    

Similar News