പെഗാസസ് കേസ്;അന്വേഷണ റിപോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു
ഈ മാസം 12ന് സുപ്രിംകോടതി ഉള്ളടക്കം വിലയിരുത്തും
ന്യൂഡല്‍ഹി:പെഗാസസ് കേസില്‍ സുപ്രിംകോടതി നിയോഗിച്ച സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. റിട്ടേഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപോര്‍ട്ട്.ഈ മാസം 12ന് സുപ്രിംകോടതി ഉള്ളടക്കം വിലയിരുത്തും.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിദഗ്ധ സമിതിക്ക് സുപ്രിംകോടതി കഴിഞ്ഞ മേയില്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 29 ഫോണുകള്‍ സാങ്കേതിക സംഘം പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഹരജിയില്‍ ഇനി ജൂലൈയിലാണ് കോടതി വിശദമായ വാദം കേള്‍ക്കുക.
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് 2017ല്‍ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വീണ്ടും പെഗാസസ് വിവാദമായത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുപ്രിംകോടതി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുന്‍ ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ ഗവണ്‍മെന്റ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാഹരന്‍ പി, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങള്‍.
ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഫോണ്‍ ഹാക്കിങ് സോഫ്റ്റ്‌വെയറായ പെഗാസസ് ടാര്‍ഗറ്റ് ചെയ്യാന്‍ സാധ്യതയുള്ള 50,000 പേരില്‍ ഇന്ത്യന്‍ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളും ഉള്‍പ്പെടുന്നുവെന്ന് മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് 2021 ജൂലൈയില്‍ പെഗാസസ് വിവാദം തുടങ്ങിയത്.