പെഗാസസ് വിവാദം: ഐടി മന്ത്രി അശ്വിന്‍ വൈഷ്ണവ് ഇന്ന് പാര്‍ലമെന്റിനെ അഭിമുഖീകരിക്കും

Update: 2021-07-22 04:52 GMT

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കത്തിനില്‍ക്കുന്നതിനിടയില്‍ ഐടി മന്ത്രി അശ്വിന്‍ വൈഷ്ണവ് ഇന്ന് പാര്‍ലമെന്റിനെ അഭിമുഖീകരിക്കും. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതിന്റെ ഭാഗമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു രണ്ട് ദിവസം മുമ്പ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.

Tags:    

Similar News