കോഴിക്കോട്: പെഗാസസ് സംബന്ധിച്ച സുപ്രിംകോടതിയുടെ ഇന്നത്തെ വിധി വളരെ സ്വാഗതാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളിക്കും തെറ്റായ നടപടികള്‍ക്കുമേറ്റ ശക്തമായ പ്രഹരമാണന്നും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ വളരെ കുറച്ചു ദിവസമാണ് പ്രവര്‍ത്തിച്ചത്. ബാക്കി എല്ലാ ദിവസവും പെഗസസിന്റെ പേരില്‍ നടന്നിട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നുള്ളതായിരുന്നു. പക്ഷേ, അതിനെ നിസ്സാരവല്‍ക്കരിക്കയയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ കോടതിയുടെ ഇടപെടല്‍ പ്രതിപക്ഷം അവശ്യപ്പെട്ടത് എത്ര ശരിയായിരുന്നുവെന്ന് വ്യക്തമാക്കാന്‍ സഹായകരമായെന്നും എംപി പറഞ്ഞു.
പെഗസസ് ചാരസോഫ്റ്റ്‌വെയര്‍ ആരെല്ലാം വാങ്ങിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് വാങ്ങിച്ചിട്ടുണ്ടോ എന്നിത്യാദി കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ പല നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും സര്‍ക്കാര്‍ കേള്‍ക്കുകയുണ്ടായില്ല.
കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. രാജ്യസുരക്ഷയുടെ മറവില്‍ എന്തും ചെയ്യാം എന്നുള്ള സ്ഥിതി ഉണ്ടാവരുത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ അത് പോകുന്നത് ശരിയല്ലെന്ന പരാമര്‍ശവും അതിലുണ്ട്. അത് ബിജെപി സര്‍ക്കാരിന് ലഭിച്ച മറ്റൊരു ശക്തമായ താക്കീതാണ്. രാജ്യസുരക്ഷ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇഷ്ടം പോലെ ബലി കൊടുക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി എടുത്തുകൊണ്ടിരിക്കുന്നത്. ഈ വിധി കൂട്ടിവായിക്കുമ്പോള്‍ അറിയാം എന്തിനും രാജ്യസുരക്ഷയെ ദുരപയോഗപ്പെടുത്തുന്ന ബിജെപി നയങ്ങളിലെ വൈകല്യം.
മാത്രമല്ല കോടതി മൂന്ന് അംഗ സമിതിയെ നിയോഗിക്കുന്നതോടപ്പം സര്‍ക്കാറിനോട് തെളിവുകൊടുക്കാന്‍ അവശ്യപ്പെട്ടിട്ടുള്ള ഏഴു കാര്യങ്ങളില്‍ സത്യവാങ്മൂലം കൊടുക്കുന്നതിന് ആവശ്യമായ വിധത്തിലുള്ള മറ്റു സംവിധാനങ്ങളെ പറ്റിയും പറഞ്ഞിട്ടുണ്ട്. ഈ വിദഗ്ധ സമിതിയെ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധ സമിതിയെ വേറെ നിയോഗിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ശ്രദ്ധേയമായ ചുവടുവെപ്പാണിത്. കേന്ദ്ര സര്‍ക്കാറിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെയുള്ള പ്രതിപക്ഷ നിലപാട് ശരിയായിരുന്നുവെന്ന് ഇന്ത്യ ഉറക്കെ ചിന്തിക്കുന്ന സന്ദര്‍ഭം കൂടിയാണിതെന്നും എംപി പറഞ്ഞു.
(Pegasus, ET Mohammed Basheer MP)