പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ നാളെ വിധി
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ നാളെ സുപ്രിംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, ആര്‍എസ്എസ് താത്വികാചാര്യന്‍ കെ എന്‍ ഗോവിന്ദാചാര്യ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് സുപ്രിംകോടതിയുടെ മുന്നിലുള്ളത്. എല്ലാ ഹരജികളും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്.
മാധ്യമപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ, എന്‍എന്‍എം അബ്ദി, പ്രേം ശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിങ്, ഇപ്‌സ ശതാക്ഷി തുടങ്ങി നിരവധി പ്രമുഖരുടെ ഫോണുകളാണ് പെഗസസ് ചോര്‍ത്തിയത്. ഇവരും കോടതിയെ സമീപിച്ചിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരുടെ വാദം. മിലിറ്ററി ഉപയോഗത്തിനു സമാനമായ രീതിയില്‍ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തുന്നത് ഭരണഘടനയുടെ അനുച്ഛേദം 14, 19, 21 എന്നിവ പ്രകാരം കുറ്റകരമാണെന്ന് കെ എസ് പട്ടസ്വാമി കേസില്‍ വിധിയുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. സുപ്രിംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്ന റിപോര്‍ട്ടും ആ സമയത്ത് പുറത്തുവന്നിരുന്നു. സുപ്രിംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെയും പ്രമുഖ അഭിഭാഷകരുടെയും നമ്പറുകളും പട്ടികയിലുണ്ട്. പെഗസസ് ചാര സോഫ്റ്റ് വെയറിലൂടെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം നൂറുകണക്കിന് ഫോണുകളാണ് ചോര്‍ത്തിയതെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് യോജിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.