പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ മേധാവി
ഇക്കാര്യത്തില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ഇത് സത്യമാണെങ്കില്‍ ഒരുനിലയ്ക്കും അംഗീകരിക്കാനാവാത്തതാണെന്നും പ്രാഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉര്‍സുല വ്യക്തമാക്കി.
പ്രാഗ്: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസുമായി ബന്ധപ്പെട്ടുയരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അക്കാര്യം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍. ഇക്കാര്യത്തില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ഇത് സത്യമാണെങ്കില്‍ ഒരുനിലയ്ക്കും അംഗീകരിക്കാനാവാത്തതാണെന്നും പ്രാഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉര്‍സുല വ്യക്തമാക്കി.
സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് 2016ല്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇത് എന്‍എസഒ ഗ്രൂപ്പ് സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
അമ്പതോളം രാജ്യങ്ങളില്‍നിന്നായി 50,000ത്തോളം പേരുടെ നമ്പറുകള്‍ പെഗാസസിന്റെ ഡാറ്റാബേസില്‍ ഉണ്ടന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അറബ് രാജകുടുംബാംഗങ്ങള്‍, ബിസിനസ് എക്‌സിക്യുട്ടീവുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഡേറ്റാ ബേസിലുണ്ടെന്ന് അവര്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചേര്‍ത്തുന്നതിനെ ഉര്‍സുല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. യൂറോപ്യന്‍ യൂനിയന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യമെന്ന് ഉര്‍സുല വ്യക്തമാക്കി.
പെഗാസസിന്റെ ഡേറ്റാബേസില്‍ കാണുന്നത് നിരീക്ഷിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്. എന്നാല്‍, ഫോണ്‍ ചോര്‍ത്തി എന്ന് വ്യക്തമാകണമെങ്കില്‍ ഫൊറന്‍സിക് പരിശോധന വേണം. ആന്‍ഡ്രോയ്ഡ് ഫോണുകളിലടക്കം ഘടിപ്പിക്കാവുന്ന തരത്തിലാണ് പെഗാസസിന്റെ നിര്‍മാണം. 2019ല്‍ ഫെയ്‌സ്ബുക്ക് എന്‍എസ്ഒ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു.
ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ പരിഷ്‌കൃത ആയുധമാണ് പെഗാസസ് എന്നാണ് സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നത്. പെഗാസസ് ഒരു അനാവശ്യ വെബ്‌സൈറ്റ് ലിങ്കിലൂടെയോ വോയ്‌സ് കാളിലൂടെയോ മിസ്ഡ് കാളിലൂടെയോ ഫോണുകളിലേക്ക് കടത്തി വിടുകയും ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുകയാണ് പതിവ് രീതിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.