പെഗസസ്: സുപ്രിംകോടതി വിധിയെ പിന്തുണച്ച് തമിഴ് രാഷ്ട്രീയ നേതാക്കള്‍

Update: 2021-10-29 07:03 GMT

ചെന്നൈ: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രിംകോടതി വിധിയില്‍ തമിഴ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യാപക പിന്തുണ. എംഎന്‍എം നേതാവ് കമല്‍ ഹാസന്‍ മുതല്‍ തോല്‍ തിരുമാവളവന്‍ അടക്കമുള്ള നേതാക്കളാണ് വിധിക്കനുകൂലമായി രംഗത്തുവന്നത്.

വിടുതലൈ ചുരുതൈഗല്‍ കച്ചി നേതാവ് തോല്‍ തിരുമാവളവനും നാം തമിഴര്‍ കച്ചി നേതാവും നടനുമായ സീമാനും വിധിയെ സ്വാഗതം ചെയ്തു.

സത്യം പുറത്തുവരണമെന്നും വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. പ്രത്യേക സമിതിയെ നിയമിച്ചതിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

വിധി കോടതികളോടുള്ള ജനങ്ങളുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് തോല്‍ തിരുമാവളവന്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സമിതി ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. സ്വകാര്യത സംരക്ഷിക്കുന്നത് വ്യക്തിയുടെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചിരുന്നു. ഡാറ്റ സ്വകാര്യത സംരക്ഷിക്കാന്‍ നിയമം പാസ്സാക്കാനും കോടതി ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ഓര്‍മിച്ചു. അതേസമയം ഇത്രയൊക്കെയായിട്ടും അക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധ സമിതിയെവച്ച് പരിശോധിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. അതിനുവേണ്ടി വിരമിച്ച സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്റെ അധ്യക്ഷതയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. നവീന്‍ കുമാര്‍ ചൗധരി(ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവാഴ്‌സിറ്റി), ഡോ. പി പ്രഭാഹരന്‍(പ്രഫസര്‍, കൊല്ലം അമൃത വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ(മുംബൈ, ഐഐടി പ്രഫസര്‍) എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് കോടതി നിയമിച്ചത്. അംഗങ്ങള്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. 

Tags:    

Similar News