ബാബരിയുടെ വീണ്ടെടുപ്പിന് ജനകീയ ഐക്യം അനിവാര്യം: ഫ്രറ്റേണിറ്റി ഫോറം ടേബിള്‍ ടോക്ക്

Update: 2020-12-28 12:10 GMT

റിയാദ്: ബാബരി മസ്ജിദിന്റെ വീണ്ടെടുപ്പിന് ജനകീയമായി ഐക്യപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ സംബന്ധിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. 'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദേശീയ തലത്തില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെ നടത്തി വരുന്ന വര്‍ഗീയ വിരുദ്ധ കാംപയിന്റെ ഭാഗമായാണ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്.


സത്യവും നീതിയും അനുകൂലമായിരുന്നിട്ടും തകര്‍ക്കപ്പെടുകയും വിപരീത വിധിയിലൂടെ ഉടമസ്ഥത നഷ്ടപ്പെടുകയും ചെയ്ത ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവും മതേതരത്വത്തിന്റെ സംരക്ഷണവും സാധ്യമാവുകയുള്ളൂവെന്ന് ഫ്രറ്റേണിറ്റി ഫോറം, റിയാദ് റീജിയണല്‍ പ്രസിഡന്റ് ബഷീര്‍ ഇങ്ങാപ്പുഴ പറഞ്ഞു. ഫാസിസ്റ്റ് ഭരണ കാലത്ത് ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുകയും പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി കര്‍മ്മരംഗത്തിറങ്ങുക എന്നതും ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയും ഉത്തരവാദിത്വവുമാണന്നും അതിനായി കക്ഷിരാഷ്ട്രീയഭേദമന്യേ ജനകീയമായ ഒരുമയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആധികാരികമായ ചരിത്രവസ്തുതകളും തെളിവുകളും വിശ്വാസത്തിലെടുക്കാതെ, പള്ളിക്കകത്ത് കൊണ്ടുവെച്ച ഒരു വിഗ്രഹത്തെയും ഭൂരിപക്ഷ മതവികാരവും കെട്ടുകഥകളും ആധാരമാക്കി സുപ്രീംകോടതി നടത്തിയ വിധിയിലൂടെ ജനങ്ങളുടെ അവസാന അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസമാണ് തകര്‍ത്തെറിയപ്പെട്ടതെന്ന് ടേബിള്‍ ടോക്ക് വിലയിരുത്തി.


ബാബരിയുടെ വീണ്ടെടുപ്പിന് അനുകൂല സാഹചര്യം എന്നാന്നോ വന്നു ചേരുന്നത് അതുവരെ ബാബരിയുടെ ഓര്‍മ്മകള്‍ പുതു തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഫോറം റിയാദ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ പറഞ്ഞു.


ജനാധിപത്യത്തിന്റെ പഴുതിലൂടെ ഭരണത്തിലേറി ഏകാധിപത്യ രീതിയില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ഇക്കാലത്ത് ബാബരി സ്മരണ നിലനിര്‍ത്തുകയും അതിലൂടെ ഇന്ത്യയെയും, ജനാധിപത്യ മതേതര മൂല്യങ്ങളെയും സംരക്ഷിക്കുവാന്‍ ഓരോ പ്രവാസി ഇന്ത്യക്കാരും കാംപയിന്റ ഭാഗമാവണമെന്ന് ഫോറം ബത്ഹ ബ്ലോക്ക് സെക്രട്ടറി അബ്ദുല്‍ റഹീം ആലപ്പുഴ അഭ്യര്‍ത്ഥിച്ചു.


ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ്, സജ്ജാദ് (ഐ.എം.സി.സി), നജ്മുദ്ദീന്‍(പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം), ഹുമയൂണ്‍ (ഫ്രണ്ട്‌സ് സര്‍ക്കിള്‍),സുലൈമാന്‍ വിഴിഞ്ഞം(ഗള്‍ഫ് മാധ്യമം), എന്‍.എന്‍. അബ്ദുല്‍ ലത്തീഫ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് റാഷിദ് ബാഖവി മോഡറേറ്ററായിരുന്നു. സിറാജ് തൊഴുപ്പാടം, അഷ്‌കര്‍ തലശ്ശേരി എന്നിവര്‍ ടേബിള്‍ ടോക്കിനു നേതൃത്വം നല്‍കി.




Tags:    

Similar News