ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെടി ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. കെഎം മാണിക്കെതിരെ സംശയത്തിന്റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെയാണ്. അന്ന് കെഎം മാണി രാജി വയ്ക്കുകയും ചെയ്തു. ഇവിടെ ലോകായുക്ത സംശയമല്ല മന്ത്രി കെ ടി ജലീലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വ്യക്തമായി തന്നെയാണ് ലോകായുക്ത വിധിച്ചിരിക്കുന്നത്. എന്നിട്ടും മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎം അഴിമതിക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കണ്ടതില്ലെന്ന നിയമമന്ത്രി എകെ ബാലന്റെ പ്രസ്താവന ഇടതു മുന്നണി എത്രമാത്രം ജീര്‍ണ്ണിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്. കഷ്ടിച്ച് എതാനും ദിവസങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ പിന്തുണ നല്‍കുന്ന സിപിഎം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞു എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.