പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Update: 2024-05-20 09:28 GMT

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന അമീറുല്‍ ഇസ് ലാമിന്റെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിധി കേള്‍ക്കാന്‍ ജിഷയുടെ മാതാവും സഹോദരിയും കോടതിയിലെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലിസ് കൃത്രിമമായി നിര്‍മിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണകോടതി പരിഗണിച്ചതെന്നുമായിരുന്നു അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച അപ്പീലിലെ വാദം. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാമിനെതിരേ നേരത്തെ തെളിഞ്ഞത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്.  ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം പിടിയിലായത്.

Tags:    

Similar News