പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്: ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും...

അമ്പിളി ഓമനക്കുട്ടന്‍

Update: 2021-05-04 05:33 GMT

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ് ലാമിനെ വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടന്‍ കൂടുതല്‍ ചോദ്യങ്ങളുമായി രംഗത്ത്. കൊലപാതകത്തില്‍ പോലിസ് നിരത്തിയ വാദങ്ങളെ സംശയിക്കുന്ന വിധത്തില്‍ പൊതുസമൂഹം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കണമെന്ന് അവര്‍ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. നേരത്തെയും നിരവധി സംശയങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. വരുംദിവസങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് വ്യക്തമാക്കിയ അമ്പിളി ഓമനക്കുട്ടന്റെ പരാമര്‍ശങ്ങളോടെ ജിഷ കൊലക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അമ്പിളി ഓമനക്കുട്ടന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

     ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. പൊതുസമൂഹം അറിയേണ്ടതുണ്ട്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ വ്യക്തമായ ഒരു മോട്ടീവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലിസ് പറയുന്ന കഥ ജിഷ കുളിക്കാന്‍ പോയി എന്ന് പറയുന്ന ഒരു കനാല്‍ കുളിക്കടവും അവിടെ വച്ച് പ്രതി അമീറൂല്‍ ഇസ് ലാം ഒളിഞ്ഞു നോക്കുകയും അതിനെ ചൊല്ലി ഉണ്ടായി എന്ന് പറയുന്ന അവിശ്വസനീയമായ ചില കാര്യങ്ങളുമാണ്.


1. ഈ കനാല്‍ ജിഷയുടെ വീടിന് അടുത്ത് നിന്നും കുറച്ചു ദൂരെയാണ്. ജിഷ അവിടെ അങ്ങനെ പോകാറില്ലെന്ന് അയല്‍പക്കക്കാര്‍ കൂടി പറയുന്നു. പക്ഷേ, അവിടെ പോയി എന്ന് തന്നെയിരിക്കട്ടെ, ഈ കനാല്‍ ടാറിങ് റോഡിനോട് ചേര്‍ന്നാണ്. (മെയിന്‍ റോഡ് അല്ല). അവിടെ ഒളിഞ്ഞു നോക്കാന്‍ കാടോ, ഒരു മരം പോലുമോ ഇല്ല. അങ്ങനെ ഉള്ളപ്പോള്‍ അമീറുല്‍ ആ റോഡില്‍ കുളിക്കുന്നത് നോക്കി നിന്നു എന്നാണോ?


2. കനാലിനോട് ചേര്‍ന്ന് മതില്‍ കെട്ടിത്തിരിച്ച രണ്ടു വീടുകള്‍. അവര്‍ പറയുന്നു അങ്ങനെ ഒരു വഴക്കോ ബഹളമോ ഒന്നും അവിടെ ഉണ്ടായിട്ടില്ലെന്ന്. അപ്പോള്‍..? മാത്രമല്ല പരിഹസിച്ചു ചിരിച്ച ജിഷയെ മാത്രം പ്രതി അതിക്രൂരമായി കൊലപ്പെടുത്തുകയും, പ്രതിയെ ഒളിഞ്ഞു നോക്കിയപ്പോള്‍ കൈകാര്യം ചെയ്തു എന്ന് പറഞ്ഞ സ്ത്രീകളെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്തു എന്നതില്‍ വലിയ ചേര്‍ച്ച കുറവില്ലേ?


3. മറ്റൊരു കാര്യം ജിഷയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ജിഷയുടെ വീടിനോട് ചേര്‍ന്നുള്ള കനാലില്‍ കൈകാലുകള്‍ കഴുകി ശരീരം വൃത്തിയാക്കി കനാല്‍ വാഴി കയറി പോയി എന്നും അത് കണ്ട സാക്ഷിമൊഴി രേഖപ്പെടുത്തിയെന്നുമാണ് പോലിസ് പറയുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയും അയല്‍ക്കാരും പറയുന്നു അന്നടക്കം കനാലില്‍ വെള്ളം വന്നിട്ട് നാലുദിവസം ആയെന്ന്. കനാല്‍ ഉണങ്ങി വരണ്ടുകിടക്കുകയായിരുന്നു എന്ന്. അപ്പോള്‍ പ്രതി എങ്ങനെയാണ് കനാലില്‍ കൈകാലുകള്‍ വൃത്തിയാക്കിയത്?


4. മറ്റൊരു പ്രധാന കാര്യം രേഖാചിത്രമാണ്. അത് ആരുടേതാണ്? പിന്നെ ജിഷ സൂക്ഷിച്ചിരുന്ന പെന്‍ കാമറയില്‍ ഒന്നും ഇല്ലായിരുന്നുവെന്ന് പോലിസ്. അങ്ങനെ എങ്കില്‍ അതിലെ മെമ്മറി കാര്‍ഡ് അവര്‍ ഇട്ടിട്ട് വര്‍ക്ക് ചെയ്യാത്തതിനാല്‍ ജിഷയും അമ്മയും കൂടെ അത് വാങ്ങിയ കടയില്‍ കൊണ്ട് ചെന്നിരുന്നു. കടക്കാരന്‍ മെമ്മറി കാര്‍ഡ് അവരുടെ സിസ്റ്റത്തില്‍ ഇട്ട് പ്ലേ ചെയ്ത് കാണിക്കാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അത് സമ്മതിച്ചില്ല. കാരണം മറ്റുള്ളവര്‍ കാണാന്‍ പാടില്ലാത്ത എന്തോ ഒന്ന് അതില്‍ ഉണ്ടായിരിക്കാം. കേസ് കൊടുക്കാന്‍ തെളിവ് വേണം എന്ന് പറഞ്ഞാണ് ജിഷ ആ പെന്‍ കാമറ വാങ്ങിയതെന്ന് രാജേശ്വരി പറയുന്നു. ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടയില്‍ ഇത്രയും വില കൊടുത്ത് ഒരു പെന്‍ കാമറ വാങ്ങണമെങ്കില്‍ അത് ഒന്നുമില്ലാതെയാണോ ?

ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങള്‍. അത് പിന്നീട് പറയും.

ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരിക്കും. പൊതുസമൂഹം അറിയേണ്ടതുണ്ട്. പെരുമ്പാവൂർ ജിഷ കൊലകേസിൽ വ്യക്തമായ ഒരു മോട്ടീവ് കണ്ടെത്താൻ...

Posted by Ambily Omanakuttan on Monday, 3 May 2021

Perumbavoor Jisha murder case: Questions keep rising ...

Tags:    

Similar News