സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി അറിയിച്ച് മുനിസിപ്പല്‍ ഓഫിസില്‍ നിന്നും ഫോണ്‍; പരാതിയുമായി 54കാരന്‍

താനാണ് ചന്ദ്രശേഖര്‍ ദേശായി എന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചപ്പോള്‍ കുടുംബത്തില്‍ മറ്റാരെങ്കിലും കൊവിഡ് പിടിപ്പെട്ട് മരണപ്പെട്ടോ എന്നായിരുന്നു അടുത്ത ചോദ്യം

Update: 2021-07-01 09:51 GMT

മുംബൈ: കൊവിഡ് ബാധിതനായി അസുഖം ഭേദമായ 54കാരനോട് മരണ സര്‍ട്ടിഫിക്കറ്റ് ഓഫിസിലെത്തി കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതരുടെ ഫോണ്‍കോള്‍. താനെയിലെ മന്‍പട് സ്വദേശിയായ ചന്ദ്രശേഖര്‍ ദേശായിക്കാണ് മരിക്കാതെ തന്നെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.


2020 ആഗസ്റ്റില്‍ ദേശായിക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ചികിത്സ തേടിയ ശേഷം സുഖം പ്രാപിച്ചു. ക്വാറന്റൈന്‍ കാലയളവില്‍ ആരോഗ്യവിഭാഗത്തില്‍ നിന്ന് ഒരിക്കല്‍ ഫോണ്‍ കോള്‍ വന്നിരുന്നു. പിന്നീട് മറ്റു വിവരങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല. അതിനു ശേഷം ഇപ്പോഴാണ് ആരോഗ്യ വകുപ്പില്‍ നിന്നും വീണ്ടും വിളിച്ചത്. അത് പക്ഷേ മരണ സര്‍ട്ടിഫിക്കറ്റ് പാസായെന്ന് അറിയിക്കാനായിരുന്നു.


താനെ മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പില്‍ നിന്ന് ഫോണ്‍ വിളിച്ചയാള്‍ ഓഫിസിലെത്തി ചന്ദ്രശേഖര്‍ ദേശായിയുടെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. താനാണ് ചന്ദ്രശേഖര്‍ ദേശായി എന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചപ്പോള്‍ കുടുംബത്തില്‍ മറ്റാരെങ്കിലും കൊവിഡ് പിടിപ്പെട്ട് മരണപ്പെട്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതും സംഭവിച്ചില്ല എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ പിഴവ് സംഭവിച്ചതാണ് എന്നായിരുന്നു ഓഫിസില്‍ നിന്നുള്ള വിശദീകരണമെന്നും ദേശായി മാധ്യമങ്ങളോട് പറഞ്ഞു.




Tags:    

Similar News