പഠനത്തെ ചൊല്ലി തര്‍ക്കം; 15കാരി മാതാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി
മുംബൈ: നവി മുംബൈയില്‍ പഠനത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് പതിനഞ്ചുകാരി പെണ്‍കുട്ടി മാതാവിനെ കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നവി മുംബൈയിലെ ഐറോളി മേഖലയിലാണ് സംഭവം.മകള്‍ മെഡിക്കല്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു മാതാവിന്റെ ആവശ്യം. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയും 40 വയസ്സുള്ള മാതാവും ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസം പെണ്‍കുട്ടി മാതാവിനെക്കുറിച്ച് പോലിസില്‍ പരാതിപ്പെട്ടിരുന്നു, തുടര്‍ന്ന് പോലിസ് കുടുംബാംഗങ്ങളെ ഉപദേശിച്ചു.
ജൂലൈ 30 നാണ് മാതാവ് വീണു മരിച്ചതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ കൗമാരക്കാരിയായ പെണ്‍കുട്ടി തന്നോട് വഴക്കിട്ട മാതാവിനെ കരാട്ടെ ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലിസ് കൊലപാതക കുറ്റം ചുമത്തി.