ഓണ്‍ലൈന്‍ പഠനം: മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി

Update: 2020-09-28 04:22 GMT

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിന് മതിയായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി. വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനവുമായി പരിചയത്തിലാവുന്ന വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റിലെ അശ്ലീലവും ഉപദ്രവകരവുമായ സൈറ്റുകളിലേക്ക് പോകാനിടയുണ്ടെന്നും അത് അപകടകരവുമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഡോ. നന്ദ് കിഷോര്‍ ഗാര്‍ഗിനു വേണ്ടി ശശാങ്ക് ദിയോ സുധിയാണ് ഹരജി നല്‍കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ പഠനക്കാലത്ത് വിവിധ വെബ്‌സൈറ്റുകളിലേക്ക് കുട്ടികള്‍ സന്ദര്‍ശിക്കാനിടയുണ്ടെന്നും അത് കുട്ടികളുടെ ഭാവി ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മറ്റ് സൈറ്റുകളിലേക്ക് പോകാന്‍ കഴിയാത്ത തരത്തിലുള്ള എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ തയ്യാറാക്കണം. സൈബര്‍ സംവിധാനവുമായി ബന്ധത്തിലാവുന്ന കുട്ടികളെ സൈബര്‍ ലോകത്തെ ഇരപിടിയാന്മാരായ കുറ്റവാളികളുമായി ബന്ധത്തിലാവും. ഇത് അപകടകരമാണ്- ഹരജിയില്‍ പറയുന്നു.

പുതിയ സംവിധാനം ധനികരായവര്‍ക്കുമാത്രമാണ് ഉപോഗപ്പെടുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനങ്ങള്‍ ദരിദ്രര്‍ക്ക് ലഭ്യമല്ല. ഓണ്‍ലൈന്‍ പഠനത്തിന് അത്യാവശ്യമായ ഉപകരണങ്ങളില്ലാത്ത വിഭാഗങ്ങള്‍ക്ക് അത്തരം സംവിധാനങ്ങള്‍ ഒരുക്കണം. അല്ലാത്തപക്ഷം ഒരു വലിയ ജനവിഭാഗം വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നുതന്നെ പുറത്താവും. ലോക്ക് ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരം ക്ലാസുകള്‍ നല്‍കാന്‍ സംവിധാനമുണ്ടാവണം- വിദ്യാഭ്യാസ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍, സിബിഎസ്ഇ തുടങ്ങിയവയാണ് കക്ഷികള്‍.

Tags:    

Similar News