ഗവര്‍ണര്‍ പമ്പര വിഢി, സര്‍ക്കാര്‍ കാണുന്നത് കോത്താമ്പി പോലെ; രൂക്ഷമായി പരിഹസിച്ച് പി കെ ബഷീര്‍
ക്രമവിരുദ്ധമായി ഒരു പിഎയെ കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രശ്‌നം മാറി. പമ്പരവിഢിയല്ലേ അയാള്‍
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പമ്പരവിഢിയെന്ന് പി കെ ബഷീര്‍ എംഎല്‍എ. നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വന്നു എന്ന് പറയുന്ന ഗവര്‍ണറാണ് കേരളത്തിന്റേത്. ക്രമവിരുദ്ധമായി ഒരു പിഎയെ കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രശ്‌നം മാറി. പമ്പരവിഢിയല്ലേ അയാള്‍. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ സര്‍ക്കാര്‍ മുട്ട് മടക്കുന്നു. ഗവര്‍ണറെ കോത്താമ്പിയെ പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും നന്ദി പ്രമേയത്തെ എതിര്‍ത്ത് പികെ ബഷീര്‍ സഭയില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം ആഗോള നിലവാരത്തില്‍ എത്തിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. സിപിഎം നേതാക്കളുടെ ഭാര്യമാര്‍, ഡിവൈഎഫ്‌ഐ നേതാക്കളെ സര്‍വ്വകലാശാലയില്‍ നിയമിച്ചാല്‍ ആഗോള നിലവാരം ഉയരുമോയെന്ന് പടച്ച തമ്പുരാന് അറിയാമെന്നും പികെ ബഷീര്‍ പരിഹസിച്ചു.
സംസ്ഥാനം മാര്‍ച്ച് 31 നകം 37000 കോടിയുടെ പദ്ധതികള്‍ക്ക് ചെലവഴിക്കാന്‍ നിശ്ചയിച്ചിടത്ത് 15000 കോടിയാണ് ചെലവഴിച്ചത്. 17 മുഖ്യവകുപ്പില്‍ പകുതി തുക പോലും ചെലവഴിച്ചിട്ടില്ല. ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, നിയമസഭ എന്നിവയില്‍ മാത്രമാണ് 100 ശതമാനം ചെലവഴിച്ചതെന്നും സംസ്ഥാനം ഏങ്ങോട്ടാണ് പോകുന്നതെന്നും പികെ ബഷീര്‍ ചോദിച്ചു. 30 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ വകുപ്പിനെ വിലക്കിയ ധനകാര്യ വകുപ്പാണ് ഇവിടുത്തേത്. പദ്ധതി നിര്‍വ്വഹണം കുട്ടികളിയല്ലെന്നും പി കെ ബഷീര്‍ പറഞ്ഞു.