ഹിജാബ്: ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതെന്ന് പികെ ഉസ്മാന്‍
എന്തു ഭക്ഷിക്കണം എന്തു ധരിക്കണം തുടങ്ങിയ ഭരണഘടനാവകാശങ്ങളെ ഭരണഘടനാ പദവിയില്‍ നിന്ന് നിന്നുകൊണ്ട് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ല
തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്നും ഗവര്‍ണര്‍ പദവി ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍. കേരള ഗവര്‍ണര്‍ പദവി ഉള്‍പ്പെടെയുള്ള പല പദവികളും സംഘപരിവാരത്തില്‍ നിന്ന് ആരിഫ് നേടിയിട്ടുള്ളത് മുസ്‌ലിം പേര് ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അതേസമൂഹം തന്നെ ഇദ്ദേഹത്തില്‍ നിന്ന് നിരവധി അവഹേളനങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏതൊരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളാണ് ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ പ്രയോഗിച്ചിട്ടുള്ളത്. മത വിഷയത്തില്‍ അഭിപ്രായം പറയലല്ല ഗവര്‍ണറുടെ ഉത്തരവാദിത്വം. എന്തു ഭക്ഷിക്കണം എന്തു ധരിക്കണം തുടങ്ങിയ ഭരണഘടനാവകാശങ്ങളെ ഭരണഘടനാ പദവിയില്‍ നിന്ന് നിന്നുകൊണ്ട് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. ഹിന്ദുത്വ ഭീകരവാദികള്‍ നടത്തുന്ന ആള്‍ക്കൂട്ടകൊലകള്‍ അടക്കമുള്ള ഏകപക്ഷീയ അക്രമണങ്ങളില്‍ പ്രതിഷേധ സ്വരത്തില്‍ ഒരു വാക്ക് പോലും ഉച്ചരിക്കാത്തയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ആര്‍എസ്എസിനെ കുറിച്ചും ഹിന്ദുത്വ ഭീകരതയെ കുറിച്ചും വ്യക്തമായ ധാരണയുള്ള സമൂഹമാണ് കേരളത്തിലുള്ളത്. ആര്‍എസ്എസിനെ സുഖിപ്പിക്കാന്‍ വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണ്. രാജ്യത്തിന്റെ മതേതര ഘടനക്കെതിരെ പ്രവര്‍ത്തിക്കുന്ന, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ സംഘപരിവാറില്‍ നിന്ന് ഭരണഘടനയെയും മൂല്യങ്ങളെ കുറിച്ചും പഠിക്കേണ്ട ഗതികേട് കേരള ജനതക്ക് വന്നിട്ടില്ല. ആര്‍എസ്എസ്സില്‍ നിന്ന് ആനുകുല്യം പറ്റുന്നുണ്ടെങ്കില്‍ അതിന്റെ നന്ദിയാവാം. അതിന് ഇതര സമൂഹത്തിനു മേല്‍ കുതിരകയറാന്‍ മെനക്കെടരുത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശരീഅത്ത് വിഷയത്തിലുള്‍പ്പെടെ മുസ്‌ലിം സമൂഹത്തിനെതിരേ നിലപാടെടുത്തിട്ടുള്ളയാളാണ്. ബിജെപിക്കുവേണ്ടി സംസ്ഥാന സര്‍ക്കാരിനോട് പോര്‍വിളി നടത്താനും പല തവണ ഗവര്‍ണര്‍ ശ്രമിച്ചിട്ടുണ്ട്. ആര്‍എസ്എസ്സിനു വേണ്ടി വിവരക്കേട് വിളമ്പുന്നതില്‍ നിന്ന് ആരിഫ് പിന്മാറണമെന്നും അല്ലാത്തപക്ഷം ഉന്നതമായ ഭരണഘടനാ പദവി സ്വയം ഒഴിയാന്‍ തയ്യാറാവണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.