ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍
ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ചെന്നൈ: ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എംജിആറിന്റേയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം .
സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എന്‍ഡിഎയില്‍ ചേരാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അളഗിരിയുടെ അടുത്ത അനുയായിയും മുന്‍ ഡിഎംകെ എംപിയുമായിരുന്ന കെ പി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. അളഗിരിക്കൊപ്പമുള്ള മുഴുവന്‍ നേതാക്കളും ഡിഎംകെ വിടുമെന്ന് രാമലിംഗം അവകാശപ്പെട്ടു. എന്നാല്‍ അളഗിരിയുടെ വിമത നീക്കങ്ങള്‍ ഒന്നും ഡിഎംകെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിന്‍.