മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്

താല്‍കാലിക ബാച്ചുകളോ, തല്‍കാലിക സീറ്റുകളോ അല്ല പരിഹാരം, മറിച്ച് സ്ഥിരം ബച്ചുകളാണ് ആവശ്യമെന്നും മുജീഹ് റഹ്മാന്‍ പറഞ്ഞു

Update: 2022-06-27 08:11 GMT

കോഴിക്കോട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കാംപസ് ഫ്രണ്ട്.പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തുംവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയില്‍ നിന്നാണ് എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസുകള്‍ നേടിയത്. ഈ വിജയത്തിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമല്ലാത്തത് സര്‍ക്കാരിന്റെ തുടര്‍ന്ന് പോകുന്ന അവഗണനയാണ്. കാംപസ് ഫ്രണ്ട് ഈ ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. താല്‍കാലിക ബാച്ചുകളോ, തല്‍കാലിക സീറ്റുകളോ അല്ല പരിഹാരം, മറിച്ച് സ്ഥിരം ബച്ചുകളാണ് ആവശ്യമെന്നും മുജീഹ് റഹ്മാന്‍ പറഞ്ഞു.

മറ്റുജില്ലകളില്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം സീറ്റുകള്‍ അധികം വരുന്ന സമയത്താണ് മലബാറില്‍ ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമാകാത്തത്. മലബാറിലെ വിദ്യാര്‍ഥികളുടെ സീറ്റ് പ്രതിസന്ധി ഈ അധ്യയന വര്‍ഷം അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിഹരിക്കണമെന്നും അല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചുകള്‍, ഏരിയാ തല പ്രതിഷേധങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രക്ഷോഭ പരിപാടികള്‍ വരും ദിവസങ്ങളില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിക്കും.സംസ്ഥാന സമിതി അംഗം മിസ്ഹബ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News