എല്‍ഡിഎഫില്‍ ധാരണയായി; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും

Update: 2022-03-15 13:26 GMT

തിരുവനന്തപുരം: വരാന്‍ പോവുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് സിപിഎമ്മിനും മറ്റൊന്ന് സിപിഐയ്ക്കും നല്‍കും. എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളില്‍ ഒന്നിന് ജെഡിഎസും, എന്‍സിപിയും, എല്‍ജെഡിയും യോഗത്തില്‍ അവകാശവാദമുന്നയിച്ചു.

എന്നാല്‍, ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നല്‍കാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു. കൂടുതല്‍ എതിര്‍പ്പുകളില്ലാതെ ഈ നിലപാട് എല്‍ഡിഎഫ് യോഗം അംഗീകരിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിതരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ലമെന്റില്‍ പാര്‍ട്ടി എംപിമാരുടെ എണ്ണം ആകാവുന്നിടത്തോളം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സിപിഎമ്മിന്. എന്നാല്‍, ഭരണകാലത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ നിലനിര്‍ത്തുന്ന 4:2 അനുപാതം അനുസരിച്ച് ഒരു സീറ്റ് ലഭിച്ചേ പറ്റൂവെന്ന സിപിഐയുടെ വാദം അംഗീകരിക്കുകയായിരുന്നു.

സിപിഎമ്മിലെ കെ സോമപ്രസാദ്, എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവുവരുന്നത്. ഐക്യകണ്‌ഠേനയാണ് രാജ്യസഭാ സീറ്റിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചെന്നും കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News