രാജ്യസഭാ തിരഞ്ഞെടുപ്പ്; അഡ്വ.പി സന്തോഷ് കുമാര്‍ സിപിഐ സ്ഥാനാര്‍ഥി

Update: 2022-03-15 13:35 GMT

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി അഡ്വ.പി സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. എഐവൈ എഫ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.

രാജ്യസഭാ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമാണെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും. ഇടതുപക്ഷത്തിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കാലത്താണ് രാജ്യസഭയിലേക്ക് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. എല്‍ജെഡി, എന്‍സിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റില്‍ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകള്‍ സിപിഐക്കും സിപിഐഎമ്മിനും നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു.

Tags:    

Similar News