പ്ലസ് വണ്‍ സീറ്റ്: മലപ്പുറം ജില്ലയില്‍ 100 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച എസ്ഡിപിഐയുടെ പ്രതിഷേധ ധര്‍ണ
മലപ്പുറം: യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുന്ന തരത്തില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് 100 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച പ്രതിഷേധധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഹൈസ്‌കൂളുകളെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളാക്കി ഉയര്‍ത്തിയും ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതല്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താല്‍ക്കാലിക ബാച്ചുകളും സീറ്റ് വര്‍ധനയും പരിഹാരമല്ല. സീറ്റ് വര്‍ധനയെന്നത് അനീതിയാണെന്നും എസ്ഡിപിഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മുമ്പ് മാര്‍ജിനല്‍ വര്‍ധന അനുവദിച്ചത് അധ്യാപക, വിദ്യാര്‍ഥി അനുപാതത്തില്‍ പ്രതിസന്ധി വര്‍ധിക്കാനും അധ്യായനത്തിന്റെ നിലവാരം കുറയുന്നതിനും കാരണമായിട്ടുണ്ട്. പുതിയ തീരുമാനം അത് വീണ്ടും വര്‍ധിപ്പിക്കും. ലീഗും കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളില്‍ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നതിന്റെ തെളിവാണ്. അടിയന്തരമായി ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളുമായി എസ്ഡിപിഐ രംഗത്തുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ മുസ്തഫ പാമങ്ങാടന്‍, മുര്‍ഷിദ് ഷമീം, എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.