പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജെപിയിലേക്ക്; യുപി ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് മല്‍സരിച്ചേക്കും

Update: 2021-01-14 09:38 GMT

ലഖ്‌നോ: പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനും പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന മുന്‍ ഐഎഎസ് ഓഫിസര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേന്ദ്ര ഇടത്തരം ചെറുകിട വ്യവസായ വകുപ്പിന്റെ സെക്രട്ടറിയായ അരവിന്ദ് കുമാര്‍ ശര്‍മയാണ് ബിജെപിയില്‍ ചേര്‍ന്നത്.

അദ്ദേഹം ഈ വരുന്ന ജനുവരി 28ന് നടക്കുന്ന യുപി ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നറിയുന്നു. 12 സീറ്റുകളിലേക്കാണ് മല്‍സരം നടക്കുന്നത്.

ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ആഴ്ചയിലാണ് അരവിന്ദ് ഐഎഎസ്സില്‍ നിന്നും രാജിവച്ചത്. യുപിയിലെ അധികാര രാഷ്ട്രീയത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഇടയുണ്ടെന്ന് കരുതുന്നയാളാണ് അരവിന്ദ്.

1988 ഗുജറാത്ത് ബാച്ച് ഐഎഎസ്സ് ഉദ്യോഗസ്ഥനാണ് അരവിന്ദ്. യുപിയിലെ മാനു സ്വദേശിയായും ഭൂമിഹാര്‍ സമുദായക്കാരനുമാണ്.

മോദിയും അരവിന്ദും തമ്മിലുള്ള ബന്ധം 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ്. നേരത്തെ അദ്ദേഹം മോദിയുടെ ഓഫിസിന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് 2014 ല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നു.

Tags:    

Similar News