വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്
നിലവില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്
കോഴിക്കോട്:മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്.കാക്കൂര്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലിസ് വ്യക്തമാക്കി.
റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.എന്നാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.റിഫയുടെ കഴുത്തില്‍ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തൂങ്ങിമരിച്ചപ്പോള്‍ കയര്‍ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുള്ളതായാണ് പോലിസ് പറയുന്നത്. നിലവില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബയ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം തിടുക്കപ്പെട്ട് മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‌നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബയിലെത്തിയത്.കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്‌നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.