വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ അറസ്റ്റില്‍
വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ദുബയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.
മാര്‍ച്ച് ഒന്നിന് ദുബയ് ജാഫിലിയയിലെ ഫഌറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിനാണ് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിലെത്തിച്ച് ഖബറടക്കിയത്. ഇതിനുപിന്നാലെ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മെഹ്നാസിന്റെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും കാട്ടി യുവതിയുടെ കുടുംബം കോഴിക്കോട് റൂറല്‍ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. അതേസമയം, റിഫയെ വിവാഹം കഴിക്കുകയും കുഞ്ഞുണ്ടാവുകയും ചെയ്യുകയും ഗള്‍ഫില്‍ ഉള്‍പ്പെടെ പോവുകയും ചെയ്തിട്ടും മരണശേഷം ഇത്തരമൊരു കേസെടുത്ത പോലിസ് നടപടിക്കെതിരേ വിമര്‍ശനമുയരുന്നുണ്ട്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഭര്‍ത്താവിനേക്കാള്‍ അതിന് ഉത്തരവാദി മാതാപിതാക്കളല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.