വ്‌ളോഗര്‍ റിഫയുടെ ദുരൂഹ മരണം; ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

Update: 2022-05-14 05:24 GMT
കോഴിക്കോട്: ദുരൂഹ സൈഹചര്യത്തില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ് നാസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പോലിസിനോട് വിശദീകരണം തേടി. മെഹ്‌നാസിനെതിരേ പോലിസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിട്ടുള്ളത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റ നീക്കം.

മാര്‍ച്ച് ഒന്നിനാണ് ദുബൈയിലെ ഫ്‌ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവുചെയ്യുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി.

Tags:    

Similar News