പാര്‍ട്ടി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്തിന് മര്‍ദ്ദനം; നേതാക്കളെ തല്ലിച്ചതച്ച പോലിസ് നടപടി കാടത്തമെന്ന് അജ്മല്‍ ഇസ്മായീല്‍
പാര്‍ട്ടി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് പോലിസ് തല്ലിച്ചതച്ചത്
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ അന്യായ നികുതി വര്‍ധനയ്‌ക്കെതിരേ റാന്നി താലൂക്ക് ഓഫിസിലേക്ക്് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലിസ് നടത്തിയ അതിക്രമം കാടത്തമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് പോലിസ് തല്ലിച്ചതച്ചത്. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ അടിച്ചൊതുക്കാമെന്ന സ്റ്റാലിനിസ്റ്റ് ധാര്‍ഷ്ട്യമാണ് പിണറായി പോലിസിന്. ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കി അധികാരത്തില്‍ തുടരാമെന്ന വ്യാമോഹം ഇടതുസര്‍ക്കാര്‍ വെടിയണം. ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് ഇടതു സര്‍ക്കാര്‍ തുടരുന്നത്. അന്നം മുട്ടിയ ജനതയുടെ മേല്‍ അമിത നികുതി ഭാരവും കൂടി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടി ജനങ്ങളോടൊപ്പമുണ്ടാവുമെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.