റിയാദ് : വീടിന്റെ ടെറസ്സില്‍ ഉടമ അഴിച്ചുവിട്ട സിംഹത്തെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ വീടിന്റെ ടെറസ്സിലാണ് ഉടമ സിംഹത്തെ വിഹരിക്കാന്‍ അഴിച്ചുവിട്ടത്. നിയമം ലംഘിച്ച് രഹസ്യമായാണ് സിംഹത്തെ വളര്‍ത്തിയത്.
വീടിന്റെ ടെറസ്സില്‍ സ്വതന്ത്രമായി വിഹരിക്കുന്ന സിംഹത്തെ കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫില്‍ വിവരം ലഭിക്കുകയായിരുന്നു. സെന്ററില്‍ നിന്നുള്ള സംഘം വിദഗ്ധരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തില്‍ സിംഹത്തെ മയക്കുമരുന്ന് കുത്തിവെച്ച് കീഴടക്കി. ശേഷം പ്രത്യേക അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
സൗദിയില്‍ വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും വളര്‍ത്തുന്നത് നിയമ ലംഘനമാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സ്വന്തമാക്കുന്നത് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.