ആശുപത്രിയില്‍ നിന്നും മടങ്ങുകയായിരുന്ന കൊവിഡ് രോഗിയുടെ വാഹനം പോലിസ് പിടിച്ചെടുത്തതായി പരാതി

ചികിത്സാ രേഖകള്‍ കാണിച്ചെങ്കിലും അതും അംഗീകരിച്ചില്ല. ബൈക്ക് പിടിച്ചെടുത്തതോടെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ രോഗി പ്രയാസപ്പെട്ടു

Update: 2021-05-19 11:44 GMT

മലപ്പുറം: ട്രിപ്പില്‍ ലോക്ഡൗണിന്റെ പേരില്‍ കൊവിഡ് രോഗികളോടും പോലിസ് മനുഷ്യത്വരഹിതമായി പെരുമാറുന്നതായി പരാതി. കാവനൂര്‍ സ്വദേശിയായ കൊവിഡ് രോഗിയെ ആണ് മഞ്ചേരി മെഡിക്കല്‍ കൊളെജില്‍ കൊവിഡ് പരിശോധന കഴിഞ്ഞ് തിരികെ വീട്ടിലേക്കു പോകുന്ന വഴി പോലീസ് തടഞ്ഞത്. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷനില്‍വച്ച് രോഗിയെ തടഞ്ഞ പോലിസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തു. കൊവിഡ് പോസിറ്റീവാണെന്നും പരിശോധന കഴിഞ്ഞ് മെഡിക്കല്‍ കോളെജില്‍ നിന്നും മടങ്ങുകയാണെന്നും പറഞ്ഞിട്ടും പോലിസ് വകവെച്ചില്ല. ചികിത്സാ രേഖകള്‍ കാണിച്ചെങ്കിലും അതും അംഗീകരിച്ചില്ലെന്നും ഇയാള്‍ പറയുന്നു. ബൈക്ക് പിടിച്ചെടുത്തതോടെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ രോഗി പ്രയാസപ്പെട്ടു

സംഭവം പ്രതിഷേധത്തിനു കാരണമായതോടെ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തുവന്നു. ഡിവൈഎഫ്‌ഐ മഞ്ചേരി ബ്ലോക്ക് കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം വാഹനത്തിന്റെ രേഖകള്‍ ശരിയല്ലാത്തതു കാരണമാണ് പിടിച്ചെടുത്തതെന്നും കൊവിഡ് പോസിറ്റീവാണ് എന്നതിന് രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ചേരി പോലിസ് പ്രതികരിച്ചു.

Tags:    

Similar News