കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍

Update: 2021-07-19 08:28 GMT

കോഴിക്കോട്: കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍. നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ യാത്ര ചെയ്യാനാകുമെന്ന് അവകാശപ്പെടുന്ന കേരള റെയില്‍വേ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ 64,000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിക്കണമെന്ന് ബി ആര്‍ പി ഭാസ്‌കര്‍, കെ ജി ശങ്കരപ്പിള്ള, കെ സച്ചിദാനന്ദന്‍, ഡോ. വി എസ് വിജയന്‍, എം ടി തോമസ,് കെ കെ രമ എംഎല്‍എ, പ്രൊ. ബി രാജീവന്‍, പ്രഫ. പി ജെ ജെയിംസ്്, ശ്രീധര്‍ തണല്‍, എന്‍ പി ചെക്കുട്ടി, കെ സി ഉമേഷ് ബാബു, കെ വേണു, ജെ. ദേവിക, പി എന്‍ ഗോപീകൃഷ്ണന്‍, ടി ടി ശ്രീകുമാര്‍, പി ടി ജോണ്‍, ഡോ. ആസാദ്, ഡോ. പി ഗീത തുടങ്ങി പ്രമുഖര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

67,450 യാത്രക്കാര്‍ ദിവസവും യാത്ര ചെയ്താല്‍ കി. മീ. 2.75 രൂപ നിരക്കില്‍ യാത്രചെയ്യാനാവുമെന്നാണ് അവകാശവാദം. റെയില്‍വേ ലൈനിനായി മാത്രം 1227 ഹെക്ടര്‍ ഭൂമിയും സ്‌റ്റേഷനുകള്‍ക്കും അനുബന്ധമായ ടൗണ്‍ഷിപ്പുകള്‍ക്കുമായി ഇതിനു പുറമെയും ഭൂമി വേണ്ടിവരും. 530 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാത തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള റെയില്‍വേ ലൈനില്‍ നിന്നും രണ്ടു മുതല്‍ 24 കി.മീ. വരെ കിഴക്കോട്ടു മാറിയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍വേ ലൈനിനു സാമാന്തരമായി പുതിയ ലൈനും നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിന് ഇരുപതിനായിരത്തോളം വീടുകള്‍ ഒഴിപ്പിക്കേണ്ടി വരും. ലക്ഷത്തിലധികം മനുഷ്യര്‍ ഭവനരഹിതരാക്കപ്പെടും. 

പ്രധാനപ്പെട്ട റോഡുകളടക്കം ആയിരത്തിലധികം പൊതുവഴികള്‍ മുറിച്ച് മാറ്റും. അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. ഈ പാത 88.41 കിലോമീറ്റര്‍ ഡക്ട് വഴിയും 11.52 കിലോമീറ്റര്‍ തുരങ്കം വഴിയും 101.73 കിലോമീറ്റര്‍ കട്ടിങ് വഴിയും 24.28 കിലോമീറ്റര്‍ കട്ട് ആന്റ് കവര്‍ വഴിയുമാണ് കടന്നുപോകുന്നത്. 12.99 കിലോമീറ്റര്‍ പാലമാണ്. 135 കിലോമീറ്റര്‍ നെല്‍വയല്‍ വഴിയാണ് കടന്നുപോകുന്നത്. പല സ്ഥലത്തും ഇരുപത്തി അഞ്ച് അടി വരെ ഉയരത്തില്‍ കരിങ്കല്ല് കെട്ടി, മണ്ണ് നിറച്ചു കോണ്‍ക്രീറ്റ് ചെയ്താണ് പാളം നിര്‍മിക്കേണ്ടത്. ഇതിനു വേണ്ടി വരുന്ന നിര്‍മാണ സാമഗ്രികളുടെ സമാഹരണം പശ്ചിമഘട്ടത്തിന് മാരകമായ പരിക്കുകളുണ്ടാക്കും. 530 കി.മീ. ഇരുവശങ്ങളിലും അഞ്ചു മുതല്‍ പതിനഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ നിര്‍മിക്കുന്ന ഭിത്തി കേരളത്തെ രണ്ടായി പിളര്‍ക്കുകയും പ്രളയ കാലങ്ങളില്‍ കെടുതികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഈ മതിലുകള്‍ മാത്രം മതി കേരളം ഒരു ജലബോംബിന്റെ ഭീതിയില്‍ അകപ്പെടാന്‍. 

കേരളം കണ്ടതില്‍വച്ച് ഏറ്റവും പാരിസ്ഥിതിക നശീകരണമുണ്ടാക്കുന്നതും സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതും സാമൂഹിക ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതുമാണ് ഈ പദ്ധതി. സാങ്കേതിക അര്‍ത്ഥത്തിലും ഈ പദ്ധതി സാധുവല്ല,. പൂര്‍ണ്ണമായും വിദേശവായ്പയെ ആശ്രയിക്കുന്ന ഈ പദ്ധതിക്ക് നീതി അയോഗിന്റെ കണക്ക്പ്രകാരം ഒന്നര ലക്ഷം കോടിരൂപ ചെലവ് വരും. കാലാനുസൃതമായി അതിന്റെ നാലു മടങ്ങോളം വര്‍ധിക്കാവുന്നതുമാണ്. അസംബന്ധജടിലമായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രമുഖര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. 

പ്രസ്താവനയില്‍ ഒപ്പ് വെച്ച മറ്റുള്ളവര്‍: അഡ്വ. ജോണ്‍ ജോസഫ്, ജോണ്‍ പെരുവന്താനം, ഡോ. എം പി മത്തായി, പ്രഫ. ടി ജി ജേക്കബ്, സണ്ണി എം കപിക്കാട്, കെ കെ കൊച്ച്, കെ ഡി മാര്‍ട്ടിന്‍, തോമസ് പി ജെ, എം ഡി തോമസ്, ചാക്കോച്ചന്‍ മണലില്‍, ഫെലിക്‌സ് പുല്ലൂടാന്‍, രവിശങ്കര്‍ കെ വി, ഡോ. ജി ഉഷാകുമാരി, പ്രഫ. കുസുമം ജോസഫ്, കെ എസ് ഹരിഹരന്‍, ടി എല്‍ സന്തോഷ്, പ്രഫ. എം പി ബാലറാം, ടി ആര്‍ രമേഷ്, കെ എസ് സോമന്‍, മോചിത മോഹന്‍, പ്രോവിന്റ്, ടി ടി ഇസ്മായില്‍, എസ് രാജീവന്‍, ബിജു വി ജേക്കബ്, കെ എസ് പ്രസാദ്, എം പി ബാബുരാജ്, ഇ പി ഗോപീകൃഷ്ണന്‍, കെ സുനില്‍കുമാര്‍, പൊടിയന്‍, ഷാജി അപ്പുക്കുട്ടന്‍, സാനു പി വി, അജിത സാനു, പദ്മകുമാര്‍, ജോസ് പി ഡി, അഡ്വ. എ പി ജയപ്രകാശ്, പി കെ കുമാരന്‍, ഹരിലാല്‍, ഷാജി ജോസഫ്, ബി എസ് ബാബുരാജ്, വാസുദേവന്‍, അഡ്വ. ഭദ്രകുമാരി, മാഗ്ലിന്‍ ഫിലോമിന, അംബിക, കെ പി പ്രകാശന്‍, സ്മിത എന്‍, അരുണ്‍ ജി എം, തുഷാര്‍ നിര്‍മല്‍ സാരഥി, ജെയ്‌സണ്‍ കൂപ്പര്‍, സുജഭാരതി, ഫിലോസ് കോശി, കെ കെ എസ് ചെറായി, ജിജില്‍, ടി ജി തമ്പി, എം ജെ പീറ്റര്‍, രവി കെ കെ, സുമേരന്‍, പ്രശാന്ത് എ, ഷാജിര്‍ ഖാന്‍, ഹാഷിം ചെന്നാമ്പള്ളി തുടങ്ങിയവരും ഒപ്പുവച്ചിട്ടുണ്ട്. 

Tags:    

Similar News