പ്രകൃതിദുരന്തങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നു; പ്രതിപക്ഷ നേതാവിനെതിരേ എ വിജയരാഘവന്‍

Update: 2021-10-21 10:30 GMT

തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പ്രകൃതിക്ഷോഭം നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടിയിരുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്ന് വിജയരാഘവന്‍ പരിഹസിച്ചു.

''മഴക്കെടുതി നേരിടാന്‍ കേരളം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ താന്‍ എന്ന് വരുത്താനുള്ള വ്യഗ്രതയില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍ വരുന്നത്. മാത്രവുമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി ഡി സതീശന്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും പിന്നിലാണെന്ന് കുറച്ച് ദിവസം മുമ്പ് ഒരു പരാമര്‍ശവും നടത്തിയിട്ടുണ്ട്. കൂടെയുള്ള സ്വന്തം എംഎല്‍എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വനിലപാട് തിരുത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News