ഹരിയാനയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
2 കോടിയിലധികം വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്
ചണ്ഡീഗഢ്: ഹരിയാനയിലെ 90 അംഗ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.2 കോടിയിലധികം വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. വോട്ടെടുപ്പിനായി 20,632 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, എഎപി, ഐഎന്‍എല്‍ഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികള്‍.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 225 അര്‍ധസൈനിക വിഭാഗങ്ങളെയും 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഹരിയാനയുടെ കണക്കനുസരിച്ച് 11,000 എസ്പിഒമാരും (സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍) തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.