കോഴിക്കോട്: മലബാര്‍ സമര നായകരുടെ പടപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും കോര്‍ത്തിണക്കി ഇശല്‍ മലബാര്‍ ഖിസ്സ. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17 ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് ആസ്വാദക ഹൃദയം കീഴടക്കി ഇശല്‍ മലബാര്‍ ഖിസ്സ അരങ്ങേറിയത്. വി എം കുട്ടിയുടെ ഓസ്‌ക്രസ്ടയിലൂടെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വിളയില്‍ ഫസീലയും സംഘവുമാണ് ഗാനങ്ങള്‍ ആലപിച്ചത്. 'ദിക്‌റ് പാടി കിളി'യിലൂടെ ശ്രദ്ധേയായ മുക്കം സാജിത, മാണൂര്‍ പ്രകാശന്‍, നിസാമോള്‍ ഓരത്തുപുഴ, സുനില്‍ മലപ്പുറം എന്നിവര്‍ മാപ്പിളപ്പാട്ടിന്റെ മധുരശീലുകളുമായി വേദിയിലെത്തി.
വൈകീട്ട് ഏഴ് മണിക്ക് പരിപാടി ആരംഭിക്കുന്നതിന് ഏറെ മുന്‍പ് തന്നെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയര്‍ ആസ്വാദകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. വേദിയില്‍ താളലയം എടരിക്കോടിന്റെ കോല്‍ക്കളിയും അരങ്ങേറി.
മലബാര്‍ സമരവും മാപ്പിളപ്പാട്ടും എന്ന വിഷയത്തിലുള്ള സാംസ്‌കാരിക സമ്മേളനത്തിന് ശേഷമായിരുന്നു 'ഇശല്‍ മലബാര്‍ ഖിസ്സ'. ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകീട്ട് 7.30 ന് ഫ്രീഡം സ്‌ക്വയറില്‍ ഖവ്വാലി നൈറ്റ് നടക്കും.