വധശിക്ഷ നടപ്പാക്കാന്‍ സാധ്യത?; സന്ദേശം ലഭിച്ചതായി നിമിഷപ്രിയ

Update: 2025-03-29 09:11 GMT
വധശിക്ഷ നടപ്പാക്കാന്‍ സാധ്യത?; സന്ദേശം ലഭിച്ചതായി നിമിഷപ്രിയ

സന്‍ആ: യെമന്‍ പൗരനെ കൊന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ സാധ്യയെന്ന് ശബ്ദ സന്ദേശം. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയന്‍ ഇടപ്പാളിന് നിമിഷ പ്രിയ തന്നെയാണ് ഇത്തരത്തിലൊരു ശബ്ദ സന്ദേശം അയച്ചത്. ''കഴിഞ്ഞ ദിവസം ജയിലിലേക്ക് ഒരു അഭിഭാഷക വിളിക്കുകയും തന്നെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം, തന്നോട് വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ് ആയിട്ടുണ്ടെന്നു പറയുകയുമായിരുന്നു'' ശബ്ദ സന്ദേശത്തില്‍ നിമിഷ പ്രിയ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാല്‍ അബ്ദുല്‍ മെഹ്ദിയുടെ കുടുംബവുമായും ഗോത്ര മേധാവിമാരുമായും മാപ്പപേക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന ിപോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ ദിയാധനത്തിന്റെ രണ്ടാം ഗഡുവായി ഏകദേശം 16.60 ലക്ഷം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. നിലവില്‍ അവരുടെ മാതാവ് യെമനില്‍ തുടരുകയാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മെഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. പിന്നീട്, ബന്ധം മോശമായതിനെ തുടര്‍ന്ന് 2017ലാണ് കൊല നടന്നത്. വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ് മെഹ്ദിയുടെ മൃതദേഹം കണ്ടെത്തിയത്.

മെഹ്ദിയെ താന്‍ മയക്കുമരുന്ന് കുത്തിവച്ച് മയക്കുക മാത്രമാണ് ചെയ്തതെന്ന് നിമിഷ വാദിച്ചു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു വാദം. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി നിമിഷക്ക് വധശിക്ഷ വിധിച്ചു. കൊലക്ക് കൂട്ടുനിന്ന ഹനാന്‍ എന്ന യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. അപ്പീല്‍ പോയെങ്കിലും മേല്‍ക്കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു.

Tags:    

Similar News