'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം, ഭരണഘടനയുടെ കാവലാളായി മാറണം'; റിപബ്ലിക് ദിന സന്ദേശത്തില്‍ സജി ചെറിയാന്‍

Update: 2023-01-26 08:24 GMT

ആലപ്പുഴ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി സജി ചെറിയാന്റെ റിപബ്ലിക് ദിന സന്ദേശം. ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം റിപബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഭരണഘടന സംരക്ഷിച്ച് നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ട്. ഭരണഘടന അട്ടിമറിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണം. ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ സാധിച്ചു.

നമ്മുടെ അയല്‍രാജ്യങ്ങളില്‍ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയര്‍ന്നു. എന്തെല്ലാം പോരായ്മകള്‍ എതെല്ലാം തരത്തില്‍ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശില്‍പികള്‍ നിഷ്‌കര്‍ഷിച്ചു. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍, ഇന്ന് ഭരണഘടന അട്ടിമറിക്കാന്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കണമെന്ന് റിപബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നേരത്തെ പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. സംഭവത്തില്‍ കീഴ്‌വായ്പ്പൂര്‍ പോലിസ് സജി ചെറിയാനെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍, ഭരണഘടനയെ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും പോലിസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജവുവരി നാലിനാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, എസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News