ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വന്തമായ ഭരണഘടനയും സ്വയംഭരണ സംവിധാനങ്ങളും നിലവില്‍ വന്നതിന്റെ സ്മരണകള്‍ പുതുക്കി രാജ്യമെങ്ങും ആഘോഷപരിപാടികള്‍ അരങ്ങേറും. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ രാവിലെ 10ന് റിപബ്ലിക് ദിന പരേഡ് അരങ്ങേറും. അതിന് മുമ്പായി നാഷനല്‍ വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി.
അതീവ സുരക്ഷയിലാണ് രാജ്യം. 45,000 കാണികള്‍ പരേഡ് കാണാന്‍ കര്‍ത്തവ്യപഥിലെത്തും. ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസിഡന്റ് ദ്രൗപതി മുര്‍മുവും ചടങ്ങിലെ വിശിഷ്ടാതിഥിയായ ഈജിപ്ഷ്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിക്കും മറ്റ് അതിഥികള്‍ക്കുമൊപ്പം പരേഡ് വീക്ഷിക്കും. സേനാ അവാര്‍ഡുകളുടെയും വിശിഷ്ടസേവാ പുരസ്‌കാരങ്ങളുടെയും വിതരണവും വേദിയില്‍ നടക്കും. രാജ്യത്തിന്റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്.
സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകള്‍, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ അഭ്യാസങ്ങള്‍ എന്നിവ ആഘോഷത്തിന്റെ പ്രൗഢി കൂട്ടും. ആവേശം പകരാന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടാവും. 23 ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ അണിനിരക്കും. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ഡല്‍ഹി പോലിസിന് പുറമെ അര്‍ധ സൈനിക വിഭാഗത്തെയും സുരക്ഷക്കായി വിന്യസിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി. കേരളത്തിലും വിപുലമായ രീതിയില്‍ റിപബ്ലിക് ദിന ആഘോഷങ്ങള്‍ നടത്തപ്പെടും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ആഘോഷത്തില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും.
വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.