വൈദ്യുതി ഉല്‍പ്പാദനം; സോളാര്‍ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

എല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്

Update: 2021-10-09 15:27 GMT

കോഴിക്കോട്: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സോളാള്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ടട് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.


എല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കി വരുന്ന വൈദ്യുതി ബോര്‍ഡിന് വില്‍ക്കുമ്പോള്‍ ചെറിയ വരുമാനം ലഭിക്കുമെന്നത് കുടുംബത്തിന് ആശ്വാസമാവുമെന്നും മന്ത്രി പറഞ്ഞു.ആദ്യ ചാര്‍ജിംഗ് സ്‌റ്റേഷന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.


നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് കെഎസ്ഇബിയുടെ വൈദ്യുത തൂണുകളില്‍ ഘടിപ്പിക്കുന്ന പോള്‍ മൗണ്ടട് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. സരോവരം ബയോ പാര്‍ക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗര്‍ ജംഗ്ഷന്‍, മുത്തപ്പന്‍കാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗര്‍, വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം, കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സ് പരിസരം, മേയര്‍ ഭവന്‍ പരിസരം എന്നിവിടങ്ങളിലാണ് ചാര്‍ജിങ് പോയിന്റുകള്‍ ഒരുക്കിയത്.




Tags:    

Similar News