വൈദ്യുതി ക്ഷാമം രൂക്ഷം; പവര്‍കട്ട് ഒഴിവാക്കാന്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നു
ഡറാഡൂണ്‍: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഉത്തരാഖണ്ഡ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നു. ആവശ്യത്തിനനുസരിച്ച് വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയാതായതോടെയാണ് കൂടിയ വിലക്കാണെങ്കിലും വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ച മാത്രം 2.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി യൂനിറ്റിന് 7.56 രൂപക്കാണ് വാങ്ങിയത്.
41 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബുധനാഴ്ച ആവശ്യമുള്ളതെന്നും നിലവില്‍ ആകെ 39.3 ദശലക്ഷം യൂനിറ്റാണ് ലഭ്യമായതെന്നും ഉത്തരാഖണ്ഡ് പവര്‍ കോര്‍പറേഷന്‍ അറിയിച്ചു. വൈദ്യുതി ക്ഷാമം പവര്‍കട്ടിലേക്ക് നയിക്കുമെന്നായതോടെയാണ് കൂടിയ വിലക്കാണെങ്കിലും വൈദ്യുതി വാങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്.
1.7 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെയാണ് കുറവ്. ഇത് ചില പ്രദേശങ്ങളില്‍ പവര്‍കട്ടിനു കാരണമാവും- കൂടിയ വിലക്ക് വാങ്ങിയതിനുള്ള കാരണം ഏജന്‍സി വിശദീകരിച്ചു.
അതേസമയം കല്‍ക്കരി പ്രതിസന്ധി ഊതിപ്പെരുപ്പിച്ചതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കല്‍ക്കരി ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് അഞ്ച് ദിവസത്തിനുള്ളില്‍ 2 ദശലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ലോഡ് ഷെഡ്ഡിങ് ഒഴിവാക്കണമെന്നും ഉയര്‍ന്ന വിലക്ക് വൈദ്യുതി വില്‍ക്കരുതെന്നും ലഭ്യമായ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും കേന്ദ്ര വൈദ്യുതി മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചു.