ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി: കടന്നാക്രമിച്ച് വി ശിവദാസന്‍ എം പിയും എം വി ജയരാജനും
എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല
കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനവിരുദ്ധ നടപടികളെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനക്ക് ശക്മായ പിന്‍തുണയുമായി രാജ്യസഭാ എം പി വി ശിവദാസനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണെന്ന് വി ശിവദാസന്‍ എം പി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിമര്‍ശനം രാജ്യദ്രോഹമല്ലെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ആയിഷ സുല്‍ത്താനയുടെ പേരില്‍ രാജ്യദ്രോഹക്കേസെടുത്തവര്‍ രാജ്യസ്‌നേഹികളല്ല, നീതിന്യായ വ്യവസ്ഥയുടെ ആരാച്ചാരന്മാരും രാജ്യദ്രോഹികളുമാണെന്ന് എം വി ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
കടമ്മനിട്ട രാമകൃഷ്ണന്‍ ഗുജറാത്ത് എന്ന കവിതയിലെഴുതിയ വരികള്‍ ഉദ്ധരിച്ചാണ് എം വി ജയരാജന്‍ ഐഷ സുല്‍ത്താനക്കെതിരായ ഭരണകൂട ഭീകരതയെ വിമര്‍ശിച്ചത്.
'നിങ്ങളില്‍ ചില പുല്ലു തീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറു കീറി. കുട്ടിയെ വെളിയിലെടുത്ത് തിന്നതോ, തള്ളയേയും. ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കോമ്പല്ലുകള്‍ കാട്ടി പുരികത്തിന്‍ വില്ല് കുലച്ചു കൊണ്ട് എന്റെ നേരെ മുരണ്ടു..ക്യാ? ' ഈ വരികള്‍ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതിയ 'ക്യാ' എന്ന കവിതയില്‍ നിന്നുമാണ്...
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനയെ രാജ്യദ്രോഹക്കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
ലക്ഷദ്വീപിലെ ക്രൂരതകള്‍ കാണുന്ന ഏതൊരാളും ഈ കവിതയില്‍ വിശേഷിപ്പിക്കുന്നപോലെ അഡ്മിനിസ്‌ട്രേറ്ററെ വിശേഷിപ്പിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ആയിഷ സുല്‍ത്താനയുടെ അഡ്മിനിസ്‌ട്രേറ്ററെക്കുറിച്ചുള്ള വിശേഷണം 'ബയോവെപ്പണ്‍' എന്നാണ്. യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറി ഗര്‍ഭസ്ഥ ശിശുവിനേയും അമ്മയേയും ത്രിശ്ശൂലം കുത്തി കൊലപ്പെടുത്തിയ ക്രൂരതകള്‍ നടമാടിയത് ഗുജറാത്തിലാണ്. അവിടത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പൊഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചേരുന്ന വിശേഷണം കോമ്പല്ലുകള്‍ ഉയര്‍ത്തിക്കാട്ടി പുരികത്തില്‍ വില്ല് കുലച്ച് രൂപം മാറിയ 'വികൃതജന്തു' വെന്ന കടമ്മനിട്ടയുടെ വിശേഷണം അല്ലേ. എന്നും ജയരാജന്‍ ചോദിക്കുന്നു.
വി ശിവദാസന്‍ എം പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,
' ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?
മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ?
തെറ്റായ നയങ്ങളിലൂടെ ദ്വീപില്‍ മഹാമാരി പടര്‍ത്താന്‍ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?
ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?
സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത് രാജ്യദ്രോഹമാണോ?
ആവര്‍ത്തിക്കുന്നു,
ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്.
എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല
എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല
എന്റെ രാജ്യം സ്‌നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല
എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല
ഐഷ സുല്‍ത്താനയ്ക്കും
പൊരുതുന്ന ലക്ഷദ്വീപിനും
ഐക്യദാര്‍ഢ്യം
വി. ശിവദാസന്‍
രാജ്യസഭാ എം പി
സി പി എം