പ്രണബ് മുഖര്‍ജി എന്നും വ്യക്തിത്വം മുറുകെ പിടിച്ച പ്രഗല്‍ഭന്‍: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രത്തിനുണ്ടായ ദു:ഖത്തില്‍ പങ്ക് ചേരുകയാണെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. അതുല്യ പ്രതിഭാശാലിയായിരുന്ന അദ്ദേഹം എല്ലാ നിലയിലും ശോഭിച്ചു. ഏത് സീറ്റിലിക്കുമ്പോഴും അദ്ദേഹം കാണിച്ച വ്യക്തിത്വമാണ് ഏറ്റവും വലിയ പ്രത്യേകത. തന്റെ കാഴ്ചപ്പാട് എവിടെ ആയിരുന്നാലും മുറുകെ പിടിക്കണമെന്ന അദ്ദേഹത്തിന്റെ സൈദ്ധാന്തിക നിര്‍ബന്ധ ബുദ്ധിയെ പ്രകീര്‍ത്തിക്കാതെ വയ്യ. അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധാപൂര്‍വ്വം കേട്ടുനില്‍ക്കാറുണ്ട്. കാരണം പുസ്തകം നോക്കാതെ, നോട്ട് കുറിക്കാതെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളും ഓരോ സെക്ടറിലും ഈ നാട് കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും എല്ലാം കൃത്യമായി പറയാന്‍ കഴിയുന്ന വിശകലന ശേഷിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധിഷണാപരമായ പാണ്ഡിത്യവും അറിവും വളരെയധികം ആകര്‍ഷിച്ച കാര്യമാണ്.
ഏറ്റവും വലിയ സെക്യുലറിസ്റ്റായിരുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ലളിതമായൊരു സമീപനം ഉണ്ടായിരുന്നു. എല്ലാ കാര്യത്തിലും അദ്ദേഹം പുലര്‍ത്തിപ്പോന്ന ലളിതസുന്ദരമായ സമീപനം നമുക്ക് മറക്കാനാവില്ല. അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച സമയം അദ്ദേഹം ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പോവുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാവുമല്ലോ എന്നൊരു ദു:ഖമുണ്ടായിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് വളരെ വലിയ ബഹുമതിയാണെങ്കിലും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഇത്തരമൊരു ദുഖമുണ്ടായിരുന്നു. ഏത് സ്ഥാനത്തേക്കും അദ്ദേഹം പ്രാപ്തനാണെന്നുള്ളതാണ് ഇത് തെളിയിക്കുന്നതെന്നും പ്രണബിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
Pranab Mukherjee is an eminent personality: ET Muhammad Basheer MP