പ്രണബ് മുഖര്‍ജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകന്‍; തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്ന് മകള്‍
പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകള്‍ പരിശോധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖര്‍ജി.
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ 'പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്' എന്ന പുസ്തകത്തെ ചൊല്ലി മകളും മകനും തമ്മില്‍ തര്‍ക്കം.കോണ്‍ഗ്രസ് നേതാക്കളായ മകന്‍ അഭിജിത് മുഖര്‍ജിയും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും തമ്മിലാണ് പുസ്തകത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്തിരിക്കുന്നത്. പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകള്‍ പരിശോധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖര്‍ജി.
അതേസമയം അഭിജിത് മുഖര്‍ജി വിലകുറഞ്ഞ പ്രസിദ്ധി തേടുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ശര്‍മിഷ്ഠ മുഖര്‍ജി ആരോപിച്ചു. പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതില്‍ 'അനാവശ്യ തടസ്സങ്ങള്‍' സൃഷ്ടിക്കരുതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോയതിന് കാരണം സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗുമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അഭിജിത് മുഖര്‍ജിയുടെ അഭ്യര്‍ത്ഥന.
തന്റെ സമ്മതമില്ലാതെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മറ്റ് ഉദ്ദേശ്യങ്ങളോടെ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് മുന്‍ കോണ്‍ഗ്രസ് എംപിയായ അഭിജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു.
അഭിജിത് മുഖര്‍ജിയുടെ ട്വീറ്റിന് പിന്നാലെ ശര്‍മിഷ്ഠ മുഖര്‍ജി സഹോദരനെ വിമര്‍ശിച്ച് രംഗത്തെത്തി. കൂടാതെ സഹോദരന്‍ അദ്ദേഹത്തിന്റെ ട്വീറ്റില്‍ വരുത്തിയ ഒരു പിശകും അവര്‍ ചൂണ്ടിക്കാണിച്ചു . 'ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്' എന്ന ഓര്‍മ്മക്കുറിപ്പിന്റെ രചയിതാവിന്റെ മകളായ ഞാന്‍, ഞങ്ങളുടെ പിതാവ് എഴുതിയ അവസാന പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ അനാവശ്യമായ തടസ്സങ്ങളൊന്നും സൃഷ്ടിക്കരുതെന്ന് എന്റെ സഹോദരനോട് അഭ്യര്‍ത്ഥിക്കുന്നു. അസുഖം വരുന്നതിനുമുമ്പ് തന്നെ അദ്ദേഹം കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കിയിരുന്നു,' ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തു.
അവസാന ഡ്രാഫ്റ്റില്‍ എന്റെ അച്ഛന്റെ കൈപ്പടയിലുള്ള കുറിപ്പുകളും അഭിപ്രായങ്ങളും അടങ്ങിയിരിക്കുന്നു. അദ്ദേഹം പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണ്, വിലകുറഞ്ഞ പ്രസിദ്ധിക്കായി പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ആരും ശ്രമിക്കരുത്. അത് വിടപറഞ്ഞ നമ്മുടെ പിതാവിനെ അപമാനിക്കുന്നത് പോലെയാണ്, പുസ്തകത്തിന്റെ തലക്കെട്ട് 'പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്' എന്നാണ് 'പ്രസിഡന്‍ഷ്യല്‍ മെമ്വാര്‍സ്' എന്നല്ലെന്നും ശര്‍മിഷ്ഠ ചൂണ്ടിക്കാട്ടി