ചെന്നൈ:പ്രതാപ് പോത്തന്റെ സംസ്‌കാരം രാവിലെ പത്ത് മണിക്ക് ചെന്നൈ ന്യൂ ആവഡിയില്‍ നടക്കും. പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ സിനിമാ ലോകം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ചെന്നൈയിലുള്ള ഫ്‌ളാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് പ്രതാപ് പോത്തന്‍. 1978ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്‍ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. തുടര്‍ന്ന് 80കളില്‍ മലയാളം, തമിഴ് സിനിമകളില്‍ പ്രതാപ് ഒരു തരംഗമായി മാറിയിരുന്നു.
ഭരതന്‍ ചിത്രം 'തകര'യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്.
ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്. 1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ ഗയ എന്ന മകളുണ്ട്.