ദുബയ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച്ചത്തെ ജുമുഅ പ്രാര്‍ത്ഥന ഡിസംബര്‍ 4 മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഖലീജ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
മറ്റു പ്രാര്‍ത്ഥനകള്‍ ജൂലൈ ഒന്ന് മുതല്‍ പള്ളികളില്‍ പുനഃരാരംഭിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികളുടെ 30 ശതമാനം ഭാഗം മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
മതപ്രഭാഷണത്തിന് (ഖുത്ബ) 30 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. പ്രഭാഷണവും പ്രാര്‍ത്ഥനയും ആകെ 10 മിനിറ്റ് നീണ്ടുനില്‍ക്കും.
പള്ളികളിലെ അംഗശുദ്ധി വരുത്തുന്ന ഏരിയകളും വാഷ്റൂമുകളും അടച്ചിരിക്കും. വിശ്വാസികള്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തണമെന്നും നിര്‍ദേശമുണ്ട്.
മറ്റെല്ലാ പ്രാര്‍ത്ഥനകള്‍ക്കും, മഗ്രിബ് (സൂര്യാസ്തമയം) ഒഴികെ 15 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കും, എല്ലാ പള്ളികളും പ്രാര്‍ത്ഥന കഴിഞ്ഞ് 10 മിനിറ്റിനു ശേഷം അടയ്ക്കും. വിശ്വാസികള്‍ നിര്‍ബന്ധമായും മാസ്‌കുകളും, സ്വന്തമായി പ്രാര്‍ത്ഥന പായകളും കൊണ്ടുവരണം. പ്രായമായവരും പ്രതിരോധശേഷി ദുര്‍ബലമായവരും പള്ളികളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.