കോണ്‍ഗ്രസ് വിട്ടെത്തിയ എംഎല്‍എമാര്‍ക്ക് മുന്‍ഗണന: മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നു
ശിവരാജ് ചൗഹാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കനയ്യ ലാല്‍ അഗര്‍വാള്‍ ബമോറിയില്‍ നിന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.
ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ എംഎല്‍എമാര്‍ക്ക് മുന്‍ഗണന നല്‍കയതില്‍ പ്രതിഷേധിച്ച് ചില ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നു. ബിജെപിയുടെ പ്രാധാന നേതാക്കളായിരുന്ന ആറിലധികം പേര്‍ കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നേരിടുന്ന 28 സീറ്റുകളില്‍ 19ലെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്കി പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നേരിടുകയാണ്.
2018 ല്‍ ഗ്വാളിയര്‍ ഈസ്റ്റില്‍ നിന്നു മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സതീഷ് സിക്കാര്‍വാറിന് പകരം കോണ്‍ഗ്രസില്‍ നിന്നെത്തിയ മുന്നാലാല്‍ ഗോയലിനാണ് ഇക്കുറി ഈ സീറ്റ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിക്കാര്‍വാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ബിജെപിക്കെതിരെ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുര്‍ക്കിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയ പരുല്‍ സാഹുവിനും ഇതേ തിരിച്ചടി നേരിടേണ്ടി വന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ ഗോവിന്ദ് സിങ്ങിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതിനു പ്രതികാരമായി ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് കൂറുമാറി സ്ഥാനാര്‍ഥിയായി.
ശിവരാജ് ചൗഹാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കനയ്യ ലാല്‍ അഗര്‍വാള്‍ ബമോറിയില്‍ നിന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.അംബയിലെ മുന്‍ ബിജെപി എംഎല്‍എ ബന്ദിലാല്‍ ജാതവ് ബിജെപിക്കെതിരെ മത്സരിക്കുന്നത് സമാജ്‌വാദിപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്. സാന്‍വറിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. മുന്‍ ബിജെപി നേതാവായിരുന്നു പ്രേം ചന്ദ് ഗുഡ്ഡുവാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റ മകന്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. സിന്ധ്യയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഗുഡ്ഡുവിന്റെ കൂറുമാറ്റം.
2018 ലെ തെരഞ്ഞെടുപ്പില്‍ സുമാവാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അജാബ് സിങ് കുശ്വാഹക്കും കോണ്‍ഗ്രസില്‍ നിന്നും എത്തിയ ആള്‍ക്ക് മുന്നില്‍ സീറ്റ് നഷ്ടമായി. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഐഡല്‍ സിങ് കന്‍സാന ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് കൈമാറി. ഇതില്‍ പ്രതിഷേധിച്ച് കുശ്വാഹ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു, കന്‍സാനയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങുകയും ചെയ്തു
മുന്‍ മന്ത്രി റുസ്തം സിങ്ങും മൊറീനയില്‍ കോണ്‍ഗ്രസിനു വേണ്ടി നിലകൊള്ളുമെന്ന് അഭ്യൂഹമുണ്ട്. ഈ നിയോജകമണ്ഡലങ്ങളിലെ നിരവധി ബിജെപി അനുഭാവികളും ഇവര്‍ക്കൊപ്പം മറ്റ് പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയെത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായിരുന്ന നിരവധി പേര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാതെ വന്നതോടെ പാര്‍ട്ടിക്കെതിരെ ശക്തമായി രംഗത്തുണ്ട്.