കോഴിക്കോട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ എട്ടു മണി മുതല്‍

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക

Update: 2020-12-15 09:36 GMT
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. 20 കേന്ദ്രങ്ങളിലായി ഇന്നു (ഡിസംബര്‍ 16) രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.


ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളില്‍ എണ്ണും. ത്രിതല പഞ്ചായ ത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. വോട്ടെണ്ണല്‍ നില ട്രെന്‍ഡ് അപ്ലിക്കേഷനിലേക്ക് നല്‍കുന്നതിന് ടെക്‌നിക്കല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.


കൗണ്ടിങ് ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പാസ് അനുവദിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് പാസ് ലഭിച്ച ഏജന്റ്മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക.


പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ ടേബിളിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടു മണിക്കുള്ളില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളേ പരിഗണിക്കൂ. ശേഷം ലഭിക്കുന്നവ തുറക്കാതെ സീല്‍ ചെയ്ത് മാറ്റിവെക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതോടൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും.


വോട്ടെണ്ണലിന് 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോര്‍പ്പറേഷന്‍ എന്നിവയ്ക്കായി ഓരോ കൗണ്ടിങ് സെന്ററുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്റെ കൗണ്ടിംഗ് സെന്റര്‍ നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. രാമനാട്ടുകര മുന്‍സിപ്പാലിറ്റി - ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുന്‍സിപ്പാലിറ്റി - നീലേശ്വരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി - ഫറോക്ക് മുസിപ്പല്‍ ടൗണ്‍ ഹാള്‍, കൊയിലാണ്ടി നഗരസഭ - കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി നഗരസഭ - ടെക്‌നിക്കല്‍ സ്‌കൂള്‍ പയ്യോളി, വടകര മുനിസിപ്പാലിറ്റി - വടകര ടൗണ്‍ഹാള്‍, കൊടുവള്ളി നഗരസഭ - കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.


ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കൗണ്ടിംഗ് സെന്റര്‍ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് - വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, കുന്ദമംഗലം ബ്ലോക്ക് - മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് ബ്ലോക്ക് - സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര ബ്ലോക്ക് - പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ്, തോടന്നൂര്‍ ബ്ലോക്ക് - സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വടകര, മേലടി ബ്ലോക്ക് - ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി, പന്തലായനി ബ്ലോക്ക് - ഗവണ്‍മെന്റ് മാപ്പിള വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി, വടകര ബ്ലോക്ക് - മടപ്പള്ളി കോളേജ്. തൂണേരി ബ്ലോക്ക് - പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നുമ്മല്‍ ബ്ലോക്ക് - വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊടുവള്ളി ബ്ലോക്ക് - കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.




Tags:    

Similar News