രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

Update: 2022-07-17 02:31 GMT

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനു വ്യക്തമായ മുന്‍തൂക്കം. ആകെ വോട്ടുമൂല്യത്തില്‍ 60 ശതമാനത്തില്‍ കൂടുതല്‍ നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാവും. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണു വോട്ടവകാശം. ആകെ വോട്ടുമൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കില്‍ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷവും. നാളെ രാവിലെ 10 മുതല്‍ 5 വരെ വോട്ടിങ് നടക്കും. പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലും അതതു നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക.

വോട്ടെണ്ണല്‍ ജൂലൈ 21നു നടക്കും. 94 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും മാത്രമേ മല്‍സരരംഗത്ത് അവശേഷിക്കുന്നുള്ളു. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിയാണ് വരണാധികാരി. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍ഡിഎ വിജയം ഉറപ്പിച്ചു. ശിവസേന, ജെഎംഎം, എസ്ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്.

17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. ജെഎംഎം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ 10 മുതല്‍ 5 വരെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എമാര്‍ക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നല്‍കുക. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ധനകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധന്‍കര്‍ സുപ്രിംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായംഗമായ ധന്‍കറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക വഴി ആദിവാസി വിഭാഗത്തില്‍ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ഥിയും ഒബിസി വിഭാഗത്തില്‍ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമെന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തുന്നത്. കര്‍ഷകപുത്രന്‍ എന്ന വിശേഷണത്തോടെയാണ് ധന്‍കറിന്റെ സ്ഥാനാര്‍ഥിത്വം ജെ പി നദ്ദ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായാണ് അദ്ദേഹം ബംഗാളില്‍ പ്രവര്‍ത്തിച്ചതെന്നും നദ്ദ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു.

Tags:    

Similar News